കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം 28 വരെ
ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറിയ പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന...
കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം തുടരുന്നു. 6 വനിതകള്‍ ഉള്‍പ്പെടെ 199 പേര്‍ പത്രിക സമര്‍പ്പിച്ചു. ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറിയ പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. പത്രിക സ്വീകരിക്കല്‍ ഈ മാസം 28നു അവസാനിക്കും.
ദേശീയ അസംബ്ലിയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയപ്രവര്‍ത്തകരും ഗോത്രങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെയും പത്രികാ സമര്‍പ്പണത്തിന്റെയും തിരക്കിലാണ്. ആറു വനിതകള്‍ ഉള്‍പ്പെടെ 199 സ്ഥാനാര്‍ത്ഥികളാണ് ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഓരോ മണ്ഡലത്തില്‍ നിന്നും പത്തു പേര്‍ വീതമാണ് അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെടുക.
ബഹിഷ്‌കരണം മാറ്റിവെച്ച് തെരഞ്ഞെടുപ്പില്‍ സജീവമാകാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം ഇത്തവണ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്‌ലാമിസ്റ്റ് കക്ഷി നേതാവായ വലീദ് തബ്തബാഇ, മുന്‍ സ്പീക്കര്‍ അഹമ്മദ് സഅദൂന്‍ തുടങ്ങിയ പ്രമുഖര്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. പതിവില്‍ നിന്ന് വിപരീതമായി രാജകുടുംബത്തിലെ ഒരംഗവും ഇത്തവണ പത്രിക നല്‍കിയിട്ടുണ്ട്.
ശൈഖ് മാലിക് അല്‍ ഹമൂദ് അസ്സബാഹ് ആണ് അഞ്ചാം മണ്ഡലത്തില്‍ നിന്ന് മത്സരത്തിനിറങ്ങുന്നത്. അതിനിടെ പിരിച്ചു വിടപ്പെട്ട പാര്‍ലിമെന്റിലെ വിവാദ അംഗം അബ്ദുല്‍ ഹമീദ് ദശ്ത്തിയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാകരിച്ചു. പത്രികാസമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥി ഹാജരാകണമെന്ന വ്യവസ്ഥ പാലിക്കാത്തതു കാരണമാണ് അപേക്ഷ തള്ളിയത്. വിദേശത്തു കഴിയുന്ന ദശ്ത്തി ക്കു വേണ്ടി അദ്ദേഹത്തിന്റെ മകനായിരുന്നു പത്രിക സമര്‍പ്പിക്കാന്‍ ഹാജരായത്.