ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് നടപടി തുടങ്ങി
വോട്ടേഴ്സ് ലിസ്റ്റ്, മത്സരാര്‍ഥികളുടെ യോഗ്യത എന്നിവയെ സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അറിയിപ്പ് ഇതിനോടകം പുറത്തിറങ്ങി
ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പുതിയ മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. വോട്ടേഴ്സ് ലിസ്റ്റ്, മത്സരാര്‍ഥികളുടെ യോഗ്യത എന്നിവയെ സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അറിയിപ്പ് ഇതിനോടകം പുറത്തിറങ്ങി. എന്നാല്‍ തെരഞ്ഞെടുപ്പ് എന്നാണ് നടക്കുകയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
നിലവിലെ കമ്മറ്റിയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ കമ്മറ്റി രൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. വോട്ടേഴ്സ് ലിസ്റ്റ് അടുത്ത ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഈ മാസം 10ന് ശേഷം പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍, ഫീസ് കുടിശ്ശിക അടച്ചു തീര്‍ക്കാത്ത രക്ഷിതാക്കള്‍, സ്കൂളിലെ ഉദ്യോഗസ്ഥരോ അവരുടെ ഭാര്യ ഭര്‍ത്താക്കന്മാരോ ആയ രക്ഷിതാക്കള്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. വോട്ടേഴ്സ് ലിസ്റ്റിനെ സംബന്ധിച്ച ആക്ഷേപങ്ങളോ പരാതികളോ ഉള്ളവര്‍ക്ക് സ്കൂളില്‍ നിന്നും ലഭിക്കുന്ന പ്രത്യേകം ഫോറത്തില്‍ ഈ മാസം 17ന് സമര്‍പ്പിക്കാവുന്നതാണ്. മൂന്നു വര്‍ഷം കാലാവധിയുള്ള ഭരണ സമിതിയിലേക്ക് 7 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക.
സ്ഥാനാര്‍ത്ഥികളുടെ യോഗ്യത സംബന്ധിച്ച് കര്‍ശന നിബന്ധനകളും പുറത്തുവിട്ടിട്ടുണ്ട്. മത്സരാര്‍ഥി ചുരുങ്ങിയത് ബിരുദധാരി ആയിരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ സൗദി എംബസിയില്‍ നിന്നോ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നോ സാക്ഷ്യപ്പെടുത്തിയിരിക്കണം, ഏതെങ്കിലും സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരായിരിക്കണം, മറ്റു സ്വകാര്യ സ്കൂള്‍ മാനേജിംഗ് കമ്മറ്റിയില്‍ അംഗമാവാന്‍ പാടില്ല, ജോലി ചെയ്യുന്ന സ്ഥാപാനത്തില്‍ നിന്നോ സ്പോണ്‍സറില്‍ നിന്നോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം തുടങ്ങിയ നിബന്ധനകളാണ് ഇതില്‍ പ്രധാനം.
പന്ത്രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമായതിനാല്‍ തെരഞ്ഞെടുപ്പ് വലിയ വീറും വാശിയുമുള്ളതാകും. സ്കൂളിന്റെ പുരോഗതി ലക്ഷ്യം വെച്ച് യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്.