സൌദി അറേബ്യയില്‍ മഴക്ക് ശമനം; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു
വെള്ളിയാഴ്ച രാവിലെ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ മഴപെയ്‌തെങ്കിലും വൈകുന്നേരത്തോടെ ശമിച്ചു. അതേ സമയം ഞായറാഴ്ച വരെ ജാഗ്രതാ നിര്‍ദേശം നല്കി
സൌദി അറേബ്യയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴക്ക് ഇന്ന് വൈകുന്നേരത്തോടെ താല്‍കാലിക ആശ്വാസം. രക്ഷാ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. അതേ സമയം ഞായറാഴ്ച വരെ ജാഗ്രതാ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച രാവിലെ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ മഴപെയ്‌തെങ്കിലും വൈകുന്നേരത്തോടെ ശമിച്ചു. കനത്ത മഴയും വെള്ളപ്പാച്ചിലും മൂലം വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹൈവേകളും പ്രധാന റോഡുകളും ഗതാഗത യോഗ്യമാക്കി തുറന്നു കൊടുത്തു. ദമാം നഗരത്തില്‍ നിന്ന് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ അന്പത് ലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം നഗരസഭയുടെ നേതൃത്വത്തില്‍ പന്പ് ചെയ്തു കളഞ്ഞു.
റിയാദ് നഗരത്തില്‍ എണ്ണൂറോളം മോട്ടറുകളാണ് വെള്ളം നീക്കാനായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിച്ചത്. മഴയെ തുടര്‍ന്ന് ദുരിതത്തിലായ 951 ആളുകളെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നായി 119 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മഴക്ക് ശനമുണ്ടായെങ്കിലും അടുത്ത ദിവസങ്ങളിലും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വെള്ളം ഒഴുകുന്ന പ്രദേശങ്ങളിലും താഴ് വരകളിലും താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. വിനോദ സഞ്ചാര മേഖല കൂടിയായ അസീര്‍ പ്രവിശ്യയില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കണം. അഖബ ചുരം വഴി യാത്ര ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ച് ദിവസമായി പെയ്ത മഴയില്‍ വന്‍ നാശ നഷ്ടമാണ് സൌദിയിലുണ്ടായത്. രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു.