സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥികളെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്ന് കുവൈത്ത് പാർലിമെന്റില്‍ കരട് പ്രമേയം
പുതു തലമുറയിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സെക്കണ്ടറി സ്‌കൂൾ താളം മുതൽ സ്‌കൂളുകളിൽ പരിശോധനാസംവിധാനമൊരുക്കണമെന്നാണ് കരട് നിർദേശത്തിൽ പ്രധാന ആവശ്യം
സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥികളെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലിമെന്റിൽ കരട് പ്രമേയം. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളെന്ന വ്യത്യാസമില്ലാതെ സെക്കണ്ടറി ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളിലും പ്രത്യേക പരിശോധന നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിൽ ലഹരി ഉപയോഗിക്കുന്നില്ലെന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രം തുടർ പഠനത്തിന് അനുമതി നൽകിയാൽ മതിയെന്നും നിർദേശമുണ്ട്.
രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുകയാണെന്നും വിദ്യാര്‍ഥികളും യുവാക്കളുമാണ് മയക്കുമരുന്ന് ലോബിയുടെ ഇരകളാകുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് എംപിമാരായ ഫൈസല്‍ അല്‍ കന്ദരി, ഖലീല്‍ അബ്ദുല്ല, സഊദ് അല്‍ ശുവൈയിര്‍, സലാഹ് ഖൂര്‍ഷീദ്, ഈസ അല്‍ കന്ദരി എന്നിവർ കരട് നിർദേശം മുന്നോട്ടു വെച്ചത് . പുതു തലമുറയിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സെക്കണ്ടറി സ്‌കൂൾ താളം മുതൽ സ്‌കൂളുകളിൽ പരിശോധനാസംവിധാനമൊരുക്കണമെന്നാണ് കരട് നിർദേശത്തിൽ പ്രധാന ആവശ്യം .
മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല ഉറപ്പു വരുത്തിയ ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ക്ക് കോളജിലും സര്‍വകലാശാലകളിലും പ്രവേശനം അനുവദിക്കാന്‍ പാടുള്ളൂ എന്നും ഇതിനായി വിദ്യാഭ്യാസ മന്ത്രാലയം പദ്ധതി ആവിഷ്കരിക്കണം എന്നും എംപിമാർ നിർദേശിച്ചു . സ്വയം സന്നദ്ധരായും കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയും രാജ്യത്തെ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടിയത്തുന്നവരിൽ 80 ശതമാനവും വിദ്യാര്‍ഥികളും യുവാക്കളുമാണെന്ന് കരട് പ്രമേയത്തിൽ പറയുന്നു .
വിദ്യാര്‍ഥികള്‍ക്ക് പുറമെ സര്‍ക്കാര്‍- സ്വകാര്യമേഖലകളിലെ എല്ലാ ജോലിക്കാരെയും പരിശോധനക്ക് വിയേധമാക്കാവുന്നതാണെന്നും എംപിമാർ നിര്‍ദേശിച്ചു. ഇക്കാര്യത്തിൽ സ്വദേശി- വിദേശി വിവേചനം പാടില്ല. മക്കള്‍ മയക്കുമരുന്ന് മുക്തരാണെന്ന് രക്ഷിതാക്കള്‍ക്ക് പരിശോധിക്കാനുള്ള ചെറിയ ഉപകരണം ലഭ്യമാക്കണമെന്നാവശ്യവും എം.പിമാരുടെ കരട് പ്രമേയത്തിലുണ്ട്