മൊബൈല്‍ ഫോണ്‍ സിം: സൗദിയില്‍ വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി 20 ന് അവസാനിക്കും
സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ സിം ഉപഭോക്താക്കള്‍ക്ക് വിരലടയാളം രേഖപ്പെടുത്താനും വിവരങ്ങള്‍ പുതുക്കാനും അനുവദിച്ചിരുന്ന സമയപരിധി ഈ മാസം ഇരുപതിന് അവസാനിക്കും.
സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ സിം ഉപഭോക്താക്കള്‍ക്ക് വിരലടയാളം രേഖപ്പെടുത്താനും വിവരങ്ങള്‍ പുതുക്കാനും അനുവദിച്ചിരുന്ന സമയപരിധി ഈ മാസം ഇരുപതിന് അവസാനിക്കും. മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ അനധികൃതമായി ഉപയോഗിക്കുന്നതില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാനും രാജ്യസുരക്ഷ പരിഗണിച്ചും ആറു മാസങ്ങള്‍ക്കു മുമ്പാണ് ഉപഭോക്താക്കള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കിയത്.
രാജ്യത്തെ മുഴുവന്‍ മൊബൈല്‍ ഫോണ്‍ സിം ഉപഭോക്താക്കള്‍ക്കും കഴിഞ്ഞ ജനുവരി ഇരുപത്തൊന്നു മുതലാണ് വിരലടയാളം നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ പുറപ്പെടുവിച്ചത്. രാജ്യസുരക്ഷയെ സംബന്ധിച്ച സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ നടപടി. പോസ്റ്റ്‌പെയ്ഡ്, പ്രിപെയ്ഡ് വ്യത്യാസമില്ലാതെ പുതുതായി സിം കാര്‍ഡ് എടുക്കുന്നവര്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ നിയമം നിര്‍ബന്ധമാക്കിയിരുന്നതെങ്കിലും നിലവില്‍ സിം കാര്‍ഡ് എടുത്തവരും തങ്ങളുടെ കണക്ഷന്‍ റദ്ദ് ചെയ്യാതിരിക്കാന്‍ വിരലടയാളം നല്‍കി വിവരങ്ങള്‍ പുതുക്കിയിരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് വിരലടയാളം നല്‍കുന്നതിനായി രാജ്യത്തെ മുഴുവന്‍ മൊബൈല്‍ സേവനദാതാക്കളും തങ്ങളുടെ സര്‍വീസ് സെന്ററുകളില്‍ ഇതിനായി പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറമെ ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അബ്ഷീര്‍ വെബ് പോര്‍ട്ടല്‍ വഴിയും സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. നേരത്തെ ഏപ്രില്‍ പതിനേഴ് വരെയായിരുന്നു രജിസ്‌ട്രേഷന് സമയപരിധി നല്‍കിയിരുന്നതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. ഈ മാസം ഇരുപതിന് മുമ്പ് വിവരങ്ങള്‍ പുതുക്കാന്‍ കഴിയാത്ത ഉപഭോക്താക്കളുടെ ഫോണ്‍ സേവനം നിര്‍ത്തലാക്കുമെന്നും ഇനിയും ഇതിനായി സമയം നീട്ടിനല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.