കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുനഃപരിശോധിക്കും
2014ന് ശേഷം ഇഷ്യൂ ചെയ്യപ്പെട്ട ലൈസൻസുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്.
കുവൈത്തിൽ വിദേശികൾക്ക് പുതുതായി അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകൾ പുനഃപരിശോധിക്കാൻ ഗതാഗത വകുപ്പ് മേധാവിയുടെ നിർദേശം. 2014ന് ശേഷം ഇഷ്യൂ ചെയ്യപ്പെട്ട ലൈസൻസുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ലൈസൻസ് ലഭിച്ച ശേഷം തസ്തിക മാറിയവരുടെ ലൈസൻസ് മരവിപ്പിക്കാനും നിർദേശം.
2014ന് ശേഷം വിതരണം ചെയ്യപ്പെട്ട ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കുന്നതിന് ഇഷ്യൂ ചെയ്ത അതെ ഡിപ്പാർട്മെന്റിൽ തന്നെ അപേക്ഷ നൽകണമെന്നാണ് പുതിയ നിർദേശം. ലൈസൻസ് വിവരങ്ങൾ ട്രാഫിക് വകുപ്പിന്റെ ആർകൈവിൽ ഉൾപ്പെടുത്താനും മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താനുമാണ് ഇത്തരമൊരു നീക്കമെന്ന് ട്രാഫിക് വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ട്രാഫിക് വകുപ്പ് മേധാവി മേജർ ജനറൽ ഫഹദ് അൽ ഷുവൈ ആണ് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
സാധാരണ ഗതിയിൽ കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമെങ്കിൽ മൂന്ന് മാനദണ്ഡങ്ങൾ പൂർത്തിയാക്കിയിരിക്കണം. 600 ദിനാർ അടിസ്ഥാന ശമ്പളം, 2 വർഷമെങ്കിലും രാജ്യത്ത് താമസിക്കുക, സർവകലാശാല ബിരുദം എന്നിവയാണ് മൂന്ന് അടിസ്ഥാന മാനദണ്ഡങ്ങൾ. എന്നാൽ മന്തൂബ്, ഡ്രൈവർ തുടങ്ങി 25 ഓളം തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് മേല്‍പറഞ്ഞ നിബന്ധനകൾ പൂര്‍ത്തിയാക്കാതെ തന്നെ ലൈസൻസ് അനുവദിക്കാറുണ്ട്. ഇത്തരക്കാർ പിന്നീട് ജോലി മാറുകയാണെങ്കിൽ പുതിയ തസ്തിക ലൈസൻസ് ലഭിക്കാൻ യോഗ്യതയുള്ളതല്ലെങ്കിൽ അസാധുവാകും.