സൗദി കോടതികളിൽ കഴിഞ്ഞ വർഷം എത്തിയത് പത്ത് ലക്ഷത്തിലധികം കേസുകൾ
938,500 കേസുകളിൽ നടപടികൾ പൂർത്തിയാക്കി
റിയാദ്: സൗദിയിലെ വിവിധ കോടതികളിൽ കഴിഞ്ഞ വർഷം എത്തിയത് പത്ത് ലക്ഷത്തിലധികം കേസുകളെന്ന് ഔദ്യോഗിക റിപ്പോർട്ട്. നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025ൽ മാത്രം പത്ത് ലക്ഷത്തിലധികം കേസുകളാണ് കോടതികളുടെ പരിഗണനയ്ക്ക് വന്നത്. ഇതിൽ 938,500 കേസുകളിൽ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചുവെന്നത് നീതിന്യായ വകുപ്പിന്റെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. ഏകദേശം 917,000 വിധിന്യായങ്ങളാണ് കഴിഞ്ഞ വർഷം മാത്രം പുറപ്പെടുവിച്ചത്. കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെങ്കിലും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ഭൂരിഭാഗം പരാതികളിലും വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ സാധിച്ചതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കോടതികളിൽ എത്തിയ പരാതികളിൽ ഏറ്റവും കൂടുതൽ പൊതുവിഭാഗത്തിലുള്ള കേസുകളാണ്, ഏകദേശം 391,200 എണ്ണം. തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട 157,000 കേസുകളും കുടുംബപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 151,000 പേഴ്‌സണൽ സ്റ്റാറ്റസ് കേസുകളും ഇതിൽ ഉൾപ്പെടുന്നു. ക്രിമിനൽ വിഭാഗത്തിൽ ഒന്നര ലക്ഷത്തോളം പരാതികൾ ലഭിച്ചപ്പോൾ വാണിജ്യ മേഖലയിൽ നിന്ന് 77,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രാദേശികമായി നോക്കിയാൽ തലസ്ഥാന നഗരമായ റിയാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഫയൽ ചെയ്തത് (279,000). മക്ക മേഖല രണ്ടാം സ്ഥാനത്താണെങ്കിൽ, ഏറ്റവും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്തത് അൽ ബഹ മേഖലയിലാണ്.