മക്കയിൽ ലോകോത്തര വിമാനത്താവളവും മെട്രോയും; പഠനങ്ങൾ പൂർത്തിയായതായി റോയൽ കമ്മീഷൻ
സ്വകാര്യ മേഖലയുമായി സഹകരിച്ച് ഏറ്റവും മികച്ച നിക്ഷേപ മാതൃകയിലൂടെയാകും വിമാനത്താവളത്തിന്റെ നിർമാണം മുന്നോട്ട് കൊണ്ടുപോകുക
മക്ക: വിശുദ്ധ നഗരമായ മക്കയുടെ വികസനത്തിൽ നിർണായക ചുവടുവെപ്പുമായി സൗദി അറേബ്യ. മക്കയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലോകോത്തര വിമാനത്താവളം നിർമിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങൾ പൂർത്തിയായതായി റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്‌സ് സിഇഓ സാലിഹ് അൽ റഷീദ് അറിയിച്ചു. ജിദ്ദയിലടക്കമുള്ള അയൽ നഗരങ്ങളിലെ നിലവിലുള്ള വിമാനത്താവളങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത രീതിയിലാണ് ഈ പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഹാർവാർഡ് ബിസിനസ് റിവ്യൂവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ മേഖലയുമായി സഹകരിച്ച് ഏറ്റവും മികച്ച നിക്ഷേപ മാതൃകയിലൂടെയാകും വിമാനത്താവളത്തിന്റെ നിർമാണം മുന്നോട്ട് കൊണ്ടുപോകുക.
വിമാനത്താവളത്തിന് പുറമെ മക്കയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള മക്ക മെട്രോ പദ്ധതിയെക്കുറിച്ചും അദ്ദേഹം നിർണായക വിവരങ്ങൾ പങ്കുവെച്ചു. മെട്രോയുടെ പ്രായോഗിക പഠനങ്ങളും പ്രാഥമിക രൂപരേഖയും പൂർത്തിയാക്കി അംഗീകാരത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിച്ചിരിക്കുകയാണ്. തീർഥാടകർക്കും താമസക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിൽ മക്കയിലെ ഗതാഗത സംവിധാനം അടിമുടി മാറ്റാനാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. തന്ത്രപ്രധാനവും നിക്ഷേപ സൗഹൃദവുമായ ഈ പുതിയ നീക്കം സൗദി അറേബ്യയുടെ ടൂറിസം, തീർയഥാടന മേഖലകളിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.