സൗദിക്കെതിരെ സെപ്തംബര്‍ 11 ബില്‍ നിയമമാകുന്നു; ആശങ്ക രേഖപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍
സൗദി അറേബ്യക്കെതിരായ സെപ്തംബര്‍ 11 ബില്‍ നിയമമാകുന്നത് ആശങ്കാജനകമെന്ന് യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍.
സൗദി അറേബ്യക്കെതിരായ സെപ്തംബര്‍ 11 ബില്‍ നിയമമാകുന്നത് ആശങ്കാജനകമെന്ന് യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍. ഇതാദ്യമായി ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടന്നു കൊണ്ടുള്ള നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഈ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി.
ആക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൗദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാന്‍ സമ്മതം നല്‍കുന്നതാണ് വിവാദ ബില്‍. ബില്ലിനെതിരായ ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് തള്ളിയത് ഏറെ പ്രതിഷേധാര്‍ഹമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ് ട്വിറ്ററില്‍ കുറിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണിതെന്നും അദ്ദേഹം തുറന്നടിച്ചു. സെപ്തംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൗദി അറേബ്യക്കെതിരെ കേസ് ഫയല്‍ ചെയ്യന്‍ അനുമതി നല്‍കുന്നതാണ് ബില്‍. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ബില്‍ എന്ന് കാണിച്ചായിരുന്നു നേരത്തെ ഒബാമ വീറ്റോ ഉപയോഗിച്ചത്. എന്നാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അമേരിക്കന്‍ കോണ്‍ഗ്രസ് ബില്ലിനെ പിന്തുണച്ചത് സൗദി- അമേരിക്ക അകല്‍ച്ചക്കൊപ്പം ജിസിസി- യുഎസ് സൗഹാര്‍ദത്തെയും പ്രതികൂലമായി ബാധിക്കും. 2001 ലെ സെപ്റ്റംബര്‍ 11 ആക്രമണം നടത്തിയ 19 പേരില്‍ 15 ഉം സൗദി പൗരന്‍മാരാണെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ജിസിസി ഉന്നതതല യോഗം ഉടന്‍ ചേരുമെന്നും സൂചനയുണ്ട്.