അബ്ദലി ചാര സെല്ല് കേസ് ; ഒന്നാം പ്രതിക്കുള്ള വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു

Update: 2018-05-13 04:01 GMT
Editor : admin | admin : admin
അബ്ദലി ചാര സെല്ല് കേസ് ; ഒന്നാം പ്രതിക്കുള്ള വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു

ഒന്നാം പ്രതിയായ ഹസന്‍ ഹാജിയ എന്ന പ്രതിക്ക് കുറ്റാന്വേഷണ കോടതി ഏര്‍പ്പെടുത്തിയ വധശിക്ഷയാണ് ജസ്റ്റിസ് അബ്ദുറഹ്മാന്‍ അല്‍ ദാരിമിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കൂടിയ അപ്പീല്‍ ബെഞ്ച് സ്ഥിരപ്പെടുത്തിയത്.

കുവൈത്തിന്റെ ആഭ്യന്തര സുരക്ഷക്ക് ഏറെ ഭീഷണിയായി മാറിയേക്കാവുന്ന അബ്ദലി ചാര സെല്ലുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിക്കുള്ള വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു.

ഒന്നാം പ്രതിയായ ഹസന്‍ ഹാജിയ എന്ന പ്രതിക്ക് കുറ്റാന്വേഷണ കോടതി ഏര്‍പ്പെടുത്തിയ വധശിക്ഷയാണ് ജസ്റ്റിസ് അബ്ദുറഹ്മാന്‍ അല്‍ ദാരിമിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കൂടിയ അപ്പീല്‍ ബെഞ്ച് സ്ഥിരപ്പെടുത്തിയത്.

Advertising
Advertising

കേസിലെ ആറാം പ്രതി ജാസിം ഗദന്‍ഫരി എന്നയാള്‍ക്കെതിരെ കീഴ്ക്കോടതി വിധിച്ച ജീവപര്യന്തവും മറ്റ് നാല് പ്രതികളുടെ നാല് വര്‍ഷത്തെ തടവും അപ്പീല്‍ കോടതി ശരിവെച്ചിട്ടുണ്ട്. അമ്മാര്‍ ദശ്തി, ഹുസൈന്‍ അല്‍ തബ്തബാഇ, സുഹൈര്‍ അല്‍ മുഹമ്മദ്, ഹസന്‍ മുറാദ് എന്നിവരെയാണ് നാല് വര്‍ഷം തടവിലിടാന്‍ വിധിച്ചത്.

കൂടാതെ അഞ്ച് പ്രതികള്‍ക്കെതിരെ 5000 ദീനാര്‍ പിഴയും വിധിച്ചിട്ടുണ്ട്. ഏഴാം പ്രതി മുഹമ്മദ് അല്‍ ഹുസൈനി, ഒമ്പതാം പ്രതി ഹുസൈന്‍ അലി ജമാല്‍, 11ാം പ്രതി മുഹമ്മദ് ജഅ്ഫര്‍ ഹാജി, 14ാം പ്രതി അബ്ദുല്‍ മുഹ്സിന്‍ അല്‍ ശത്തി, 25ാം പ്രതി അബ്ദുല്ല ഹസന്‍ ഹുസൈന്‍ എന്നിവര്‍ക്കുമേലാണ് പിഴ ചുമത്തിയത്. അതേസമയം, കേസിലെ 15 പ്രതികള്‍ക്കെതിരെ കുറ്റാന്വേഷണ കോടതി വിധിച്ച 15 വര്‍ഷ തടവ് അപ്പീല്‍ കോടതി റദ്ദാക്കുകയും അവരെ നിരപരാധികളാണെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തു. 2015 ആഗസ്റ്റില്‍ അബ്ദലി കാര്‍ഷിക മേഖലയില്‍നിന്ന് വന്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയതോടെയാണ് രാജ്യത്തെ ലക്ഷ്യമാക്കി വിദേശ ശക്തികളുടെ നേതൃത്വത്തില്‍ ചാരപ്രവര്‍ത്തനം നടക്കുന്നത് അധികൃതര്‍ കണ്ടത്തെിയത്.

തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ രഹസ്യ നീക്കത്തിലൂടെ ഒരു ഇറാനിയടക്കം 25 പേര്‍ക്കെതിരെ രാജ്യ സുരക്ഷാവിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ഇറാന്റെയും ഹിസ്ബുല്ലയുടെയും പിന്തുണയോടെ ഇവര്‍ രാജ്യത്ത് സ്ഫോടനങ്ങളും അതുവഴി അസ്ഥിരതയും സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും തെളിഞ്ഞെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ തങ്ങളുടെ വംശജനെ പ്രതിചേര്‍ത്തതില്‍ ഇറാന്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. വിഷയം പിന്നീട് ഇറാനും കുവൈത്തും തമ്മിലെ നീണ്ട വാക്ക് പോരിനുവരെ ഇടയാക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News