ഇന്ത്യ-സൗദി ഹജ്ജ് കരാർ ഞായറാഴ്ച ജിദ്ദയിൽ ഒപ്പു വയ്ക്കും

Update: 2018-05-13 05:46 GMT
Editor : Jaisy
ഇന്ത്യ-സൗദി ഹജ്ജ് കരാർ ഞായറാഴ്ച ജിദ്ദയിൽ ഒപ്പു വയ്ക്കും

ജിദ്ദയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വി പങ്കെടുക്കും

ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാർ ഞായറാഴ്ച ഒപ്പു വയ്ക്കും. ജിദ്ദയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വി പങ്കെടുക്കും. കഴിഞ്ഞ വർഷം ഇന്ത്യക്കനുവദിച്ച ഹജ്ജ് ക്വാട്ടയിൽ ഇത്തവണയും മാറ്റമുണ്ടാകാൻ സാധ്യതയില്ല.

Full View

ജിദ്ദയിലെ ഹജ്ജ് മന്ത്രാലയത്തിൽ വെച്ചാണ് ചടങ്ങ്. കരാറിൽ ഒപ്പ് വെക്കുന്നതിനായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി നാളെ ജിദ്ദയിലെത്തും. കഴിഞ്ഞ വർഷം 1,70,000 ഓളം ഇന്ത്യക്കാർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. മക്കയിൽ ഹറം വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2013 മുതൽ 2016 വരെ എല്ലാ രാജ്യങ്ങളുടെയും ഹജ്ജ് ക്വാട്ടയില്‍ ഇരുപതു ശതമാനം സൗദി സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു. ഇതുപ്രകാരം ഇന്ത്യക്ക് 34,000 പേരുടെ അവസരം നഷ്ടമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ ക്വാട്ട പഴയ നിലയിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകാൻ സാധ്യതയില്ല. കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി 1,25,000 പേർക്കും സ്വകാര്യ ഗ്രൂപ്പുകൾ വഴി 45,000 പേർക്കുമായിരിക്കും ഈ വര്‍ഷവും ഇന്ത്യയിൽ നിന്നും ഹജ്ജ് നിർവഹിക്കാനാവസരമുണ്ടാവുക.

Advertising
Advertising

45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് അടുത്ത ബന്ധുവായ പുരുഷന്റെ തുണയില്ലാതെ ഹജ്ജ് നിർവഹിക്കാൻ സൗദി അറേബ്യ അനുമതി നൽകിയിട്ടുണ്ട്. സൗദിയുമായി ഹജ്ജ് കരാർ ഒപ്പിടുന്ന എല്ലാ രാജ്യങ്ങൾക്കും ഈ ഇളവ് ലഭിക്കും. ഇതുപ്രകാരം മൊത്തം 1,300 വനിതകൾക്ക് ഈ വർഷം ഇന്ത്യയിൽ നിന്നും മഹ്‌റം ഇല്ലാതെ ഹജ്ജിനെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നിന്നും കൂടുതൽ ഹാജിമാർ യാത്ര ചെയ്യുന്ന ചില എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും സൗദി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യം ഈ വർഷം മുതൽ ലഭ്യമായേക്കാം. ഇരു രാജ്യങ്ങളും ഒപ്പു വെക്കുന്ന കരാറിൽ ഇതിനെ സംബന്ധിച്ച കൃത്യത ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News