ഉപരോധ കാലത്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം കൂടി
2017ൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതിയിൽ 50 ശതമാനത്തിന്റെ വർധനവാണുണ്ടായതെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി.കുമരൻ പറഞ്ഞു
ഉപരോധ കാലത്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം കൂടിയതായി റിപ്പോർട്ട് . 2017ൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതിയിൽ 50 ശതമാനത്തിന്റെ വർധനവാണുണ്ടായതെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി.കുമരൻ പറഞ്ഞു. എംബസിയിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് പ്രതിസന്ധി 10 മാസം പിന്നിടുമ്പോൾ ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരത്തിൽ കാര്യമായ പുരോഗതി കൈവരിച്ചതായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി കുമരൻ തന്നെയാണ് വ്യക്തമാക്കിയത്. ഖത്തറിന്റെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാരപങ്കളിയായി ഇന്ത്യ മാറിക്കഴിഞ്ഞു. ഉപരോധത്തിന് ശേഷം ഖത്തറിലെ ഹമദ് തുറമുഖം വഴി ഇന്ത്യയിൽനിന്ന് ചരക്കുകൾ നേരിട്ട് ഖത്തറിലെത്തുന്നുണ്ട്. നിർമാണ സാമഗ്രികളും ഭക്ഷ്യവസ്തുക്കളുമാണ് കൂടുതലായി എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വർഷം ഒമ്പത് ബില്ല്യൻ ഡോളർ കടന്നിട്ടുണ്ട്. വാഹനങ്ങളുടെ ആക്സസറീസും സ്പെയർപാർട്സും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത് കഴിഞ്ഞ മാസങ്ങളിൽ കൂടിയിട്ടുമുണ്ട്. ഉപരോധത്തിന്റെ തുടക്കം മുതൽ തന്നെ ഗുജറാത്തിലെ മുദ്ര തുറമുഖവും ഖത്തറിലെ ഹമദ് തുറമുഖവും തമ്മിൽ സ്ഥിരമായി കപ്പൽ സർവീസ് ഉണ്ട്. 2017 ജനുവരിക്കും സെപ്റ്റംബറിനും ഇടയിൽ 40,000 കണ്ടെയ്നറുകളും ഹമദിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിൽ നല്ലൊരു ഭാഗം ചരക്കുകളും ഇന്ത്യയിൽ നിന്നാണ്.