വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് പഠിക്കുകയാണെന്ന് കുവൈറ്റ് തൊഴില്‍കാര്യമന്ത്രി

Update: 2018-05-18 17:56 GMT
Editor : Subin
വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് പഠിക്കുകയാണെന്ന് കുവൈറ്റ് തൊഴില്‍കാര്യമന്ത്രി

സര്‍വകലാശാല ബിരുദമുള്ള വിദേശികള്‍ക്ക് ഇഖാമ പുതുക്കണമെങ്കില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വകുപ്പില്‍ കാണിക്കണമെന്ന നിബന്ധനയാണ് ഇതില്‍ പ്രധാനം

തൊഴില്‍ വിപണിയില്‍ ക്രമീകരണം വരുത്തുന്നതിന്റെ ഭാഗമായി വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സാമൂഹിക തൊഴില്‍കാര്യമന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു. അയോഗ്യരായ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കി പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Advertising
Advertising

Full View

സര്‍വകലാശാല ബിരുദമുള്ള വിദേശികള്‍ക്ക് ഇഖാമ പുതുക്കണമെങ്കില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വകുപ്പില്‍ കാണിക്കണമെന്ന നിബന്ധനയാണ് ഇതില്‍ പ്രധാനം. അഭ്യസ്ഥവിദ്യരായ നിരവധി വിദേശികള്‍ സ്വകാര്യ തൊഴില്‍ വിപണിയില്‍ എത്തപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്താനായത്. യോഗ്യതക്കനുസരിച്ച ജോലി ലഭിച്ചില്ലെങ്കിലും കിട്ടിയ ജോലിയില്‍ വിസ പുതുക്കി മുന്നോട്ടുപോകുകയെന്ന രീതിയാണ് ഇവരുടേത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിസ തരപ്പെടുത്തിയവരും ഇവരുടെ കൂട്ടത്തിലുണ്ട്.

നിലവിലെ തസ്തികയില്‍ ഇഖാമ പുതുക്കണമെങ്കില്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന നിബന്ധന ഇത്തരക്കാര്‍ക്ക് വിനയാകാനാണ് സാധ്യത. ഭാവിയില്‍ മറ്റ് വിഭാഗക്കാരെയും ഈ നിബന്ധനയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, വിദേശികളെ മാത്രം ഉന്നംവെച്ചുള്ള തൊഴില്‍ ക്രമീകരണമല്ല ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മറിച്ച് അനധികൃത മാര്‍ഗത്തില്‍ രാജ്യത്തെത്താന്‍ വിദേശികളെ സഹായിക്കുന്ന സ്വദേശി ഉടമസ്ഥതയിലുള്ള കമ്പനികളെയും പിടിച്ചുകെട്ടും. ഇത്തരം കമ്പനികളെ കണ്ടെത്തുന്നതിന് വ്യാപകമായ റെയ്ഡ് നടത്തും. കുറ്റക്കാരായവരെ പ്രാസിക്യൂഷനില്‍ തെളിവെടുപ്പിന് വിധേയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News