സൌരോര്‍ജ്ജ വൈദ്യുതോല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളുമായി ഒമാന്‍

Update: 2018-06-01 02:04 GMT
Editor : admin
സൌരോര്‍ജ്ജ വൈദ്യുതോല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളുമായി ഒമാന്‍

സൗരോര്‍ജ വൈദ്യുതി ഉല്‍പാദന മേഖലയില്‍ വിപുലമായ കാല്‍വെപ്പിന് ഒമാന്‍ ഒരുങ്ങുന്നു

സൗരോര്‍ജ വൈദ്യുതി ഉല്‍പാദന മേഖലയില്‍ വിപുലമായ കാല്‍വെപ്പിന് ഒമാന്‍ ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി വീടുകളില്‍ സോളാര്‍ പാനലുകള്‍ വിതരണം ചെയ്യുമെന്നാണ് വൈദ്യുതി റഗുലേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട്‌.

വീടുകളിലെ വൈദ്യുതി ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കാന്‍ നടപടിയെടുക്കും. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗത്തിന് ശേഷം ബാക്കി ദേശീയ ഗ്രിഡിലേക്ക് നല്‍കുന്ന സംവിധാനമാകും നടപ്പില്‍ വരുത്തുക എന്ന് വൈദ്യുതി റഗുലേഷന്‍ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖൈസ് അല്‍ സഖ് വാനി പറഞ്ഞു. ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് തുല്ല്യമായ തുക ബില്ലില്‍ കുറവുവരുത്തും. ഈ വര്‍ഷം പകുതിയോടെ വീടുകളിലെ ഉല്‍പാദനം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് യാഥാര്‍ഥ്യമാകുന്നതോടെ സൗരോര്‍ജം ഫലപ്രദമായി ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ ഒമാന്‍ മുന്‍നിരയിലെത്തും.

Advertising
Advertising

നിലവില്‍ വീടുകളിലേക്കുള്ള വൈദ്യുതി വിതരണത്തിന് നല്ല തുക സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള വരുമാന നഷ്ടം കുറക്കാന്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതി സബ്സിഡി ഒഴിവാക്കി നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ താമസ സ്ഥലങ്ങളില്‍ മാത്രം നടപ്പാക്കുന്ന പദ്ധതി പിന്നീട് വാണിജ്യ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ഖൈസ് അല്‍ സഖ് വാനി പറഞ്ഞു.

ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മസ്യൂനയില്‍ നിര്‍മിക്കുന്ന സൊളാര്‍ പവര്‍ പ്ലാന്‍റ് അടക്കം നിരവധി വന്‍കിട സൗരോര്‍ജ വൈദ്യുതി പദ്ധതികള്‍ക്ക് ഒമാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുമതി നല്‍കിയിരുന്നു. ഇവയെല്ലാം യാഥാര്‍ഥ്യമാകുന്നതോടെ നിലവില്‍ വൈദ്യുതി ഉല്‍പാദനത്തിനും വിതരണത്തിനും ചെലവഴിക്കുന്ന വന്‍തുകയുടെ സബ്സിഡിയില്‍ കുറവുവരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News