ഖത്തര്‍ എയര്‍വേയ്‌സില്‍ അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ ലാപ്‌ടോപ്പും സൗജന്യ വൈ ഫൈയും
9 നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലാപ്‌ടോപ് കൈവശം വെക്കാന്‍ യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗം അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ തീരുമാനം
അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ ലാപ്‌ടോപ്പും സൗജന്യ വൈ ഫൈ സേവനവും ഉറപ്പു വരുത്തി ഖത്തര്‍ എയര്‍വേയ്‌സ്. ദോഹയില്‍ നിന്നടക്കം 9 നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലാപ്‌ടോപ് കൈവശം വെക്കാന്‍ യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗം അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ തീരുമാനം. സേവനം അടുത്തയാഴ്ച മുതല്‍ ലഭ്യമാകും.
അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം മാര്‍ച്ച് 21 മുതല്‍ക്കാണ് ദോഹ ഉള്‍പ്പെടെ ഒമ്പത് നഗരങ്ങളില്‍ നിന്ന് യു.എസിലേക്കുള്ള നോണ്‍ സ്‌റ്റോപ്പ് വിമാനത്തില്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. തീവ്രവാദി ഗ്രൂപ്പുകള്‍ യാത്രാ വിമാനങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന രഹസ്യാന്വോഷണ വിഭാഗം റിപ്പോര്‍ട്ടുകള്‍ മുന്‍ നിര്‍ത്തിയായിരുന്നു ഈ മുന്‍കരുതല്‍. വിലക്ക് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ ഉപയോഗിക്കാനായി താല്‍ക്കാലികമായി ലാപ്‌ടോപ് നല്‍കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിക്കുകയായിരുന്നു.
അമേരിക്കയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളിലെയും ബിസിനസ്സ് ക്ലാസിലെ യാത്രക്കാര്‍ക്കാണ് ലാപ്‌ടോപും വൈഫൈ സൗകര്യവും സൗജന്യമായി നല്‍കുന്നത്. യാത്രക്ക് ബോര്‍ഡിങ്ങിന് മുമ്പായി ഗേറ്റില്‍ നിന്ന് ലാപ്‌ടോപ്പ് ലഭിക്കും. എല്ലാ യാത്രക്കാര്‍ക്കും ഒരുമണിക്കൂര്‍ സൗജന്യ വൈഫൈയും അഞ്ച് ഡോളര്‍ നിരക്കില്‍ പ്രത്യേക വൈഫൈ പാക്കേജും നല്‍കുന്നുണ്ട്. അടുത്തയാഴ്ച മുതല്‍ ഈ സേവനം ലഭ്യമായി തുടങ്ങും . മൊബൈല്‍ ഫോണും മെഡിക്കല്‍ ഉപകരണങ്ങളും ഒഴികെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ബാഗേജില്‍ സൂക്ഷിച്ചാല്‍ മതിയെന്ന യു എസ് വിലക്കിന് താല്‍ക്കാലിക പരിഹാരമാവും ഖത്തര്‍ എയര്‍വെയ്‌സ് നടപടി.