ഉപരോധം പിന്‍വലിക്കാതെ അനുരഞ്ജനത്തിനില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി
തങ്ങള്‍ക്കെതിരെ വ്യാജപ്രചരണം നടത്തിയ രണ്ട് യുഎഇ വാര്‍ത്താ ചാനലുകള്‍ക്കെതിരെ പരാതി നല്‍കിയതായി ഖത്തര്‍
ഉപരോധത്തിനെതിരെ നിലപാട് ശക്തമാക്കി ഖത്തര്‍. ഉപരോധം പിന്‍വലിക്കാതെ അനുരഞ്ജനത്തിനില്ലെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. അല്‍ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ചര്‍ച്ചയില്ലെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ വ്യാജപ്രചരണം നടത്തിയ രണ്ട് യു എ ഇ വാര്‍ത്താ ചാനലുകള്‍ക്കെതിരെ ഖത്തര്‍ പരാതി നല്‍കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
സഊദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ഉപരോധത്തിനെതിരെ നിലപാട് ശക്തമാക്കി ഖത്തര്‍. മൂന്നു ഗള്‍ഫ് രാജ്യങ്ങളും ഉപരോധം പിന്‍വലിക്കാതെ യാതൊരു തരത്തിലുമുള്ള അനുരഞ്ജനത്തിനും ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് ഖത്തറിന്‍റെ നിലപാട് ആവര്‍ത്തിച്ച്‍ വ്യക്തമാക്കിയത്. അല്‍ജസീറ ഉള്‍പ്പെടെയുള്ള രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ചര്‍ച്ചയില്ലെന്നും അദ്ദേഹം ദോഹയില്‍ പ്രഖ്യാപിച്ചു.
ഖത്തറിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ഉപരോധം തുടരുകയാണെങ്കില്‍ ഖത്തര്‍ മറ്റു മാര്‍ഗങ്ങള്‍ ആശ്രയിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. സഊദി അറേബ്യയുടെ മേഖലാ എതിരാളി ഇറാനെ ഉള്‍പ്പടെ മറ്റു രാജ്യങ്ങളുമായി സഹകരണം തുടരാനാണ് ഖത്തര്‍ തീരുമാനിച്ചിരിക്കുന്നത്. ഉപരോധത്തെ നേരിടാന്‍ ഖത്തറിന്‍റെ പക്കല്‍ ബാക്കപ്പ് പദ്ധതികളുണ്ട്.
തുര്‍ക്കി, കുവൈത്ത്, ഒമാന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ഖത്തറിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ട് ന്യൂസ് ചാനലുകള്‍ക്കെതിരെ ഖത്തര്‍ പരാതി ഉന്നയിച്ചു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈന്യൂസ് അറേബ്യ, സൗദി ഉടമസ്ഥതയില്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അറബിയ എന്നീ ചാനലുകള്‍ക്കെതിരെയാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി ബ്രിട്ടീഷ് നിയമസ്ഥാപനമായ കാര്‍ട്ടര്‍ റെക്ക് മുഖേന പരാതി നല്‍കുന്നത്.
അല്‍ജസീറ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായി ചില ഗള്‍ഫ് രാജ്യങ്ങള്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം അല്‍ജസീറ നിഷേധിച്ചിരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമാണ് തങ്ങളുടേതെന്ന് അല്‍ജസീറ വ്യക്തമാക്കുന്നു.