ഹോളണ്ട്, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്തില്‍ വിലക്ക്
പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കാർഷിക- മത്സ്യവിഭവ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്
ഹോളണ്ട്, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്ത് വിലക്കേർപ്പെടുത്തി . പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കാർഷിക- മത്സ്യവിഭവ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. അമേരിക്കയിലെ മിസൂരി പ്രവിശ്യയിൽനിന്നുള്ള പോൾട്രി ഇനങ്ങൾക്കും ഇറക്കുമതി വിലക്കുണ്ട്.
ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമനുസരിച്ചാണ് തീരുമാനമെന്ന് കാർഷിക- മത്സ്യവിഭവ സംരക്ഷണ അതോറിറ്റി അറിയിച്ചു .അണുബാധയുള്ള ഉൽപന്നങ്ങൾ കണ്ടെത്തിയാൽ ഇറക്കുമതി ചെയ്യുന്നവരുടെ ചെലവിൽ ബന്ധപ്പെട്ട രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും അതോറ്റി മുന്നറിയിപ്പ് നൽകി . അതോറിറ്റിയുടെ ലാബിൽ സൂക്ഷ്മ പരിശോധന നടത്തിയാണ് പക്ഷിയുൽപന്നങ്ങൾ രാജ്യത്തെ വിപണിയിൽ പ്രവേശിക്കുന്നതെന്നും രോഗഭീതി ഒഴിയുന്ന മുറക്ക് വിലക്ക് നീക്കുമെന്നും അധികൃതർ വ്യക്തമാക്കി. പക്ഷിപ്പനി ഭീതി ഒഴിഞ്ഞ കാമറൂൺ, സ്ലോവേനിയ, ലിത്വാനിയ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി വിലക്ക് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു അതിനിടെ വിപണിയിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്നും രാജ്യത്ത് ആർക്കെങ്കിലും പക്ഷിപ്പനി പിടിപെട്ടതായി ഇതുവരെ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു . വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് തൊഴിലന്വേഷകരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും.