സൌദിയില്‍ തിയേറ്റര്‍ ഏപ്രില്‍ 18ന് തുറക്കും
ലോക പ്രശസ്ത അമേരിക്കന്‍ വിനോദ കമ്പനിയായ എഎംസിയാണ് ആദ്യ തിയേറ്റര്‍ തുറക്കുന്നത്. സൗദിയിലാകെ 40 സിനിമാ തിയേറ്ററുകള്‍ തുറക്കാനുള്ള കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.
സൌദി അറേബ്യയിലെ ആദ്യ തിയേറ്റര്‍ ഈ മാസം 18ന് റിയാദില്‍ തുറക്കും. ലോക പ്രശസ്ത അമേരിക്കന്‍ വിനോദ കമ്പനിയായ എഎംസിയാണ് ആദ്യ തിയേറ്റര്‍ തുറക്കുന്നത്. സൗദിയിലാകെ 40 സിനിമാ തിയേറ്ററുകള്‍ തുറക്കാനുള്ള കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.
2030ഓടെ 2500 സ്‌ക്രീനുകള്‍ സഹിതമുള്ള 350 സിനിമാശാലകള്‍ തുറക്കാനാണ് സൌദി ഭരണകൂടത്തിന്‍റെ പദ്ധതി. ഇതിന്റെ ആദ്യ ഘട്ടമായാണ് ഈ മാസം 18ന് റിയാദില്‍ തിയേറ്റര്‍ തുറക്കുന്നത്. 40 അത്യാധുനിക തിയേറ്ററുകളാണ് എഎംസി രാജ്യത്ത് തുറക്കുക. രാജ്യത്തെ 15 നഗരങ്ങളിലായി ഇവയെത്തും. അഞ്ച് വര്‍ഷം കൊണ്ടാണ് ഇത്രയും തിയേറ്ററുകള്‍ തുറക്കുക.
തിയേറ്റര്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് സൗദി സാംസ്‌കാരിക ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം കഴിഞ്ഞ ദിവസം കൈമാറി. 1920ല്‍ സ്ഥാപിതമായ ഈ കമ്പനിക്ക് ലോകമെമ്പാടും 8200 പ്രദര്‍ശന ഹാളുകളുണ്ട്. സിനിമാ മേഖലയില്‍ ആഗോളാടിസ്ഥാനത്തില്‍ മുന്‍നിര സ്ഥാനത്ത് നില്‍ക്കുന്ന സ്ഥാപനമാണ് എഎംസി കമ്പനി.
2017 നവംബറിലാണ് സിനിമാ മേഖലയില്‍ മുതല്‍ മുടക്കുന്നത് സംബന്ധിച്ച് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി എഎംസി കമ്പനി കരാര്‍ ഒപ്പുവെച്ചത്. അമേരിക്കയില്‍ സന്ദര്‍ശനം തുടരുന്ന സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.
സൗദിയില്‍ പുതിയ സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തിയേറ്ററുകള്‍ തുറക്കുന്നത്. വിനോദത്തിനായി രാജ്യം വിടുന്ന സ്വദേശികളെ പിടിച്ചു നിര്‍ത്തി രാജ്യത്തെ സമ്പദ് ഘടന ശക്തിപ്പെടുത്തലും ലക്ഷ്യമാണ്. ഒപ്പം സാമൂഹിക പരിവര്‍ത്തനവും.