വിമാനങ്ങള്‍ വൈകുന്നത് തുടര്‍ക്കഥ; നഷ്ടപരിഹാരമില്ലെന്ന് പ്രവാസികള്‍

Update: 2018-06-05 13:45 GMT
വിമാനങ്ങള്‍ വൈകുന്നത് തുടര്‍ക്കഥ; നഷ്ടപരിഹാരമില്ലെന്ന് പ്രവാസികള്‍

യാത്രക്കാര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് പ്രവാസികള്‍ക്ക് വേണ്ടത്ര അവബോധമില്ലാത്തതാണ് ഇതിന് കാരണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

തിരക്കേറിയ വേനലവധി സീസണില്‍ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നത് തുടര്‍ക്കഥയാകുന്നു. എന്നാല്‍ യാത്ര മാറ്റിവെക്കേണ്ടി വരുന്ന പ്രവാസികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് പ്രവാസികള്‍ക്ക് വേണ്ടത്ര അവബോധമില്ലാത്തതാണ് ഇതിന് കാരണമായി സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്കു തിരിക്കുന്ന ഈ സീസണില്‍ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നതും മുടങ്ങുന്നതും പതിവാണ് . കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ ചെന്നിറങ്ങിയത് മുംബൈയിലാണ്. യാത്രക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ പിന്നീട് എത്തിച്ചത് കൊച്ചിയിലും, ഏഴു മണിക്കൂര്‍ വെകിയെത്തിയ യാത്രക്കാരുടെ അപ്പോഴും ലഗേജ് ദോഹയില്‍തന്നെയായിരുന്നു . കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിട്ടും നഷ്ടപരിഹാരമോ ബദല്‍മാര്‍ഗ്ഗങ്ങളോ ഏര്‍പ്പെടുത്താന്‍ എയര്‍ഇന്ത്യ തയ്യാറായില്ലെന്നാണ് യാത്രക്കാരുടെ പരാതി . ഇത്തരം സംഭവങ്ങളില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തുകയാണ് ഖത്തറിലെ പ്രവാസി ആക്ടവിസ്റ്റുകള്‍.

പുതിയ സാഹചര്യത്തില്‍ ഖത്തറില്‍ നിന്നുള്ള ഇത്തിഹാദ് , എമിറേറ്റ്‌സ് വിമാനങ്ങള്‍ റദ്ധ് ചെയ്തതോടെ യാത്ര റദ്ധാകുന്ന പരാതികള്‍ കൂടിയിട്ടുണ്ട് . ഖത്തര്‍ എയര്‍വെയ്‌സ് പോലുള്ള വിമാനക്കമ്പനികള്‍ കൃത്യമായി നഷ്ടപരിഹാരം നല്‍കുമ്പോഴും ഇന്ത്യന്‍ വിമാനക്കമ്പനികളാണ് ഉത്തരവാദിത്ത രഹിതമായി പെരുമാറുന്നതെന്നും യാത്രക്കാര്‍ക്ക് പരാതിയുണ്ട് .

Similar News