ഖത്തര്‍ അതിര്‍ത്തിയില്‍ ആണവമാലിന്യ പ്ലാന്‍റ് നിര്‍മിക്കാന്‍ സൌദി
കനാല്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തര്‍ ദ്വീപായി മാറും. മേഖലയില്‍ സൈനിക ക്യാമ്പും അണുമാലിന്യ പ്ലാന്‍റിനും പദ്ധതിയുണ്ട്.
ഖത്തര്‍ അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിക്കാന്‍ സൌദി കമ്പനികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ അതിര്‍ത്തിയില്‍ കനാലുണ്ടാക്കാന്‍ ഒമ്പത് കമ്പനികളാണ് രംഗത്തുള്ളത്. കനാല്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തര്‍ ദ്വീപായി മാറും. മേഖലയില്‍ സൈനിക ക്യാമ്പും അണുമാലിന്യ പ്ലാന്‍റിനും പദ്ധതിയുണ്ട്.
അര്‍ധ ദ്വീപാണിപ്പോള്‍ ഖത്തര്‍. ആകെയുള്ള കരബന്ധം ഖത്തറുമായി. അറുപത് കിലോമീറ്റര്‍ നീളത്തിലാണ് ഈ കരഭാഗം. ഇവിടെ സൌദി കരപരിധിക്കകത്ത് കനാല്‍ നിര്‍മിക്കാനാണ് സൌദി കമ്പനികളുടെ നീക്കം. 200 മീറ്റര്‍ വീതിയിലും 20 മീറ്റര്‍ ആഴത്തിലുമാണ് കനാല്‍ നിര്‍മാണം. കപ്പലുകള്‍ക്ക് ഇതുവഴി സഞ്ചരിക്കാനുമാകും. ഇതിന്‍റെ തീരത്തായി വന്‍കിട ഹോട്ടലുകള്‍ പണിയാനും സൌദി കമ്പനികള്‍ക്ക് പദ്ധതിയുണ്ട്. 280 കോടി റിയാദിലിന്‍റേതാണ് പദ്ധതി. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം പണി തുടങ്ങും. ഇത് പൂര്‍ത്തിയായാല്‍ ദ്വീപ് രാജ്യമായി മാറും ഖത്തര്‍. മേഖലയില്‍ തുറമുഖങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്.
സൌദി പ്രാദേശിക പത്രമായ സബഖാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൌദിയിലെ ആണവ റിയാക്ടറുകളില്‍ നിന്നുള്ള മാലിന്യ സംസ്കരണവും ഈ മേഖലയില്‍ നടക്കും. സൈനിക ക്യാമ്പൊരുക്കാനും പദ്ധതിയുണ്ട്. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഖത്തറുമായി ഉടക്കിലാണ് അറബ് രാജ്യങ്ങള്‍. ഇതോടെ ഖത്തറുമായുള്ള അതിര്‍ത്തി സൌദി അടച്ചിരുന്നു. പിന്നീട് ഹജ്ജിന് മാത്രമാണ് തുറന്നു കൊടുത്തത്. സല്‍വ ബോര്‍ഡര്‍ എന്നാണിവിടം അറിയപ്പെടുന്നത്. ഇത് ലോകത്തെ മികച്ച തീരപ്രദേശമാക്കാനാണ് സൌദിയുടെ പദ്ധതി.