ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം വിപുലീകരിക്കുന്നു
ഇരു രാജ്യങ്ങളുടെയും സംയുക്ത സുരക്ഷാ ദൗത്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയും സൈനികര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ലക്ഷ്യം
ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം വിപുലീകരിക്കുന്നു. ദോഹ അല്‍ ഉദൈദിലെ സൈനിക താവളമാണ് വികസിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍, ബാരക്കുകള്‍, താമസസ്ഥലങ്ങള്‍ എന്നിവ നിര്‍മ്മിക്കും. ഇരു രാജ്യങ്ങളുടെയും സംയുക്ത സുരക്ഷാ ദൗത്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയും സൈനികര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ലക്ഷ്യം. അല്‍ ഉദൈദില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഡോ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു.
നേരത്തെ ഈ സൈനിക താവളം അമേരിക്ക ഇവിടുന്ന് മാറ്റാനൊരുങ്ങുന്നു എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് അമേരിക്ക നിഷേധിച്ചിരുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിക്കുകയായിരുന്നു. ബഹ്റൈന്‍ പത്രമാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവിട്ടത്. ഖത്തറില്‍ നിന്ന് അമേരിക്കന്‍ സൈനിക താവളം സൗദിയിലെ സുല്‍ത്താന്‍ എയര്‍ഫോയ്സ് താവളത്തിലേക്ക് മാറ്റുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞൂവെന്നാണ് കുറച്ചു ദിവസം പത്രം റിപ്പോര്‍ട്ട് ചെയ്തത്. ദോഹയിലെ അല്‍ ഉദൈദ് സൈനിക താവളത്തിന് പുറമെ തുര്‍ക്കിയിലെ അഞ്ചര്‍ലേക്ക് താവളവും അമേരിക്ക മാറ്റാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഖത്തറിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ള വാര്‍ത്തകളാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
മേഖലയിലെ സുപ്രധാനമായ സൈനിക താവളമാണിത്. നിലവില്‍ സൈനിക താവളത്തിലെ പന്ത്രണ്ടിലധികം അടിസ്ഥാന വികസന പദ്ധതികള്‍ നടന്ന് വരികയാണെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അമേരിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നാണിത്. ഖത്തറിലെ അമേരിക്കന്‍ സൈനികര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നതെന്ന് ഖത്തര്‍ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.