ആശങ്കയിൽ പശ്ചിമേഷ്യ; കോവിഡ് 19 രോഗബാധിതരുടെ എണ്ണം 3300 ആയി

പ്രതിരോധ നടപടിയുടെ ഭാഗമായി നിയന്ത്രണം കൂടുതൽ കർശനമാക്കാനാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ തീരുമാനം

Update: 2020-03-05 01:33 GMT

ഇറാൻ ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കോവിഡ് 19 ബാധിതരുടെ എണ്ണം പെരുകിയതോടെ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി ഗൾഫ് രാജ്യങ്ങൾ. പ്രതിരോധ നടപടിയുടെ ഭാഗമായി നിയന്ത്രണം കൂടുതൽ കർശനമാക്കാനാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ തീരുമാനം.

ദുബൈ ഇന്ത്യൻ സ്കൂളിലെ പതിനാറുകാരി ഉൾപ്പെടെ എട്ടു പേർക്കാണ് ഗൾഫിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ പുതുതായി മൂന്ന് പേർക്കു വീതം രോഗം സ്ഥിരീകരിച്ചു. സൗദിയിൽ പുതുതായി ഒരാൾക്കും. ദുബൈ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ വെളിപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. സ്കൂൾ ഇന്നുമുതൽ അടച്ചിടാൻ തീരുമാനിച്ചു. യു.എ.യിലെ മറ്റു വിദ്യാലയങ്ങൾ ഞായറാഴ്ചയോടെ ഒരു മാസത്തേക്ക് അടക്കും. ഇറാനില്‍ നിന്നും ബഹ്റൈന്‍ മാർഗമെത്തിയ സ്വദേശി പൌരനാണ് സൗദിയിൽ രോഗം സ്ഥിരീകരിച്ചത്.

Advertising
Advertising

പ്രതിരോധ ഭാഗമായി മക്കയിലേക്ക് ആഭ്യന്തര തീര്‍ഥാടകര്‍ക്കും സൗദി അറേബ്യ പ്രവേശന നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ തീര്‍ഥാടനം നേരത്തെ നിർത്തി വെച്ചിരുന്നു. ഇതോടെ മക്കയിലേക്ക് ഉംറക്കും മദീനയിലേക്ക് സന്ദര്‍ശനത്തിനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രവേശിക്കാനാവില്ല. കോവിഡ് 19 ഇല്ലെന്നു തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റില്ലാതെ ഞായറാഴ്ച മുതൽ കുവൈത്തിലേക്ക് ഇന്ത്യക്കാർക്കും മറ്റും വരാൻ പറ്റില്ല. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരെ ബാധിക്കും. ബഹ്റൈൻ, ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.

Tags:    

Similar News