മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍: സീഷോര്‍ ഗ്രൂപ്പ് 150 ടിക്കറ്റിനുള്ള തുക കൈമാറി
കഷ്ടതകളനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള മഹത്തായ സംരംഭത്തില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സീഷോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍
മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍ പദ്ധതിയിലേക്ക് ഖത്തറിലെ സീഷോര്‍ ഗ്രൂപ്പ് നല്‍കുന്ന 150 ടിക്കറ്റിനായുള്ള തുകയുടെ ചെക്ക് കൈമാറി. കഷ്ടതകളനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള മഹത്തായ സംരംഭത്തില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സീഷോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സഈദ് സാലിം അല്‍ മുഹന്നദിയും മാനേജിങ് ഡയറക്ടര്‍ മുഹമ്മദലിയും പറഞ്ഞു.
വിങ്സ് ഓഫ് കംപാഷന്‍ പദ്ധതിക്ക് പ്രവാസി വ്യവസായികളെപ്പോലെ സ്വദേശി വ്യവസായികളും വലിയ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു. ഖത്തര്‍ ആസ്ഥാനമായ സീഷോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സഈദ് സാലിം അല്‍ മുഹന്നദിയുടെ വാക്കുകള്‍ ഈ സ്നേഹസാന്ത്വന പദ്ധതിക്ക് വലിയ ഊര്‍ജ്ജം പകരുന്നതാണ്- "ഇവിടെ എല്ലാ രാജ്യക്കാരും ഒന്നാണ്, എല്ലാവരും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്, എല്ലാ രാജ്യക്കാരെയും ഞങ്ങള്‍ ആദരിക്കുന്നു".
പദ്ധതിയിലേക്കായി സീഷോര്‍ ഗ്രൂപ്പ് സംഭാവന ചെയ്യുന്ന 150 വിമാന ടിക്കറ്റുകള്‍ക്കായുള്ള ചെക്ക് ചടങ്ങില്‍ വെച്ച് സഈദ് സാലിം അല്‍ മുഹന്നദിയില്‍ നിന്നും മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം ഖത്തര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി ഏറ്റുവാങ്ങി. സംരംഭവുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സീഷോര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദലി പറഞ്ഞു.