അവസാന രോഗിയും ഭേദമായി പുറത്തിറങ്ങി; ഖത്തറില്‍ മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു
അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ലെബ്സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി. മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കിയ മൂന്നാമത്തെ ഹോസ്പിറ്റലാണിത്.
ഖത്തറില്‍ അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു. അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ലെബ്സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്. മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കിയ മൂന്നാമത്തെ ഹോസ്പിറ്റലാണിത്.
പ്രതിരോധമന്ത്രാലയത്തിന്‍റെ സഹകരണത്തോടെയായിരുന്നു ഈ കോവിഡ് ഹോസ്പിറ്റല്‍ സജ്ജമാക്കിയിരുന്നത്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ഹനാന്‍മുഹമ്മദ് അല്‍ കുവാരി പ്രതിരോധ വകുപ്പ് അധികൃതര്‍ക്ക് നന്ദിയര്‍പ്പിച്ചു. രോഗവ്യാപനം വീണ്ടുമുണ്ടാകുകയാണെങ്കില്‍ തുടര്‍ന്നും പ്രതിരോധ വകുപ്പിന്‍റെ സഹകരണം മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്ന ഈ ഫീല്‍ഡ് ഹോസ്പിറ്റലില്‍ 504 ബെഡ്ഡുകളായിരുന്നു സജ്ജീകരിച്ചിരുന്നത്. 25 ഡോക്ടര്‍മാരും 170 ഓളം നഴ്സുമാരുമാണ് ഇവുടെ രോഗികളുടെ പരിചരണത്തിനായുണ്ടായിരുന്നത്. റാസ് ലഫാന്‍, മിസൈദ് എന്നീ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റലുകളാണ് നേരത്തെ രോഗികള്‍ കുറഞ്ഞതോടെ അടച്ചത്.
അതിനിടെ രാജ്യത്തെ വ്യാവസായിക മേഖലയായ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്കായി പുതിയ രണ്ട് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ കൂടി തുറന്നു. ഖത്തര്‍ ചാരിറ്റിയുടെ സഹകരണത്തോടെ തുറന്ന രണ്ട് കെട്ടിടങ്ങളിലുമായി 213 മുറികളും 852 പേര്‍ക്ക് താമസിക്കാനുള്ള സൊകര്യവുമൊരുക്കിയിട്ടുണ്ട്. രോഗലക്ഷണം കാണിക്കുന്ന മുന്നൂറോളം പേരെ കഴിഞ്ഞ ദിവസം ഇവിടെ പ്രവേശിപ്പിച്ചതായും ഖത്തര്‍ തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയം അറിയിച്ചു.