ലോക്ഡൌണില്‍ കുടുങ്ങിയ പ്രവാസി ഒടുവില്‍ വിമാനം പിടിച്ച് ഖത്തറിലേക്ക്; ചെലവ് 40 ലക്ഷം
കണ്ണൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി ഡോ.ഹസന്‍കുഞ്ഞിയാണ് പ്രൈവറ്റ് എയര്‍ജറ്റ് വിമാനം വാടകക്കെടുത്ത് ഖത്തറിലേക്ക് മടങ്ങിയത്
ലോക്ഡൌണിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി നാട്ടില്‍ കുടുങ്ങിപ്പോയ വ്യവസായി ഒടുവില്‍വിമാനം വാടകക്കെടുത്ത് ഖത്തറിലേക്ക് മടങ്ങി. കണ്ണൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി ഡോ.ഹസന്‍കുഞ്ഞിയാണ് പ്രൈവറ്റ് എയര്‍ജറ്റ് വിമാനം വാടകക്കെടുത്ത് ഖത്തറിലേക്ക് മടങ്ങിയത്.
പതിവ് പോലെ ആറ് മാസം മുന്‍പ് ഖത്തറില്‍ നിന്നും കണ്ണൂരിലെ വീട്ടിലെത്തിയതാണ് ഹസന്‍കുഞ്ഞി. മടക്ക യാത്രക്കുളള ടിക്കറ്റും എടുത്തിരുന്നു. പക്ഷെ അപ്രതീക്ഷിതമായെത്തിയ ലോക്‌ഡൌണില്‍ എല്ലാം തകിടം മറിഞ്ഞു.
ഖത്തറിലും യു.എ.ഇയിലുമടക്കം വിദേശത്ത് നിരവധി ബിസിനസുകളുണ്ട്. തിരിച്ച് പോയില്ലങ്കില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും. അതോടെയാണ് ഒരു കുഞ്ഞ് ടാക്സി വിളിച്ച് ഖത്തറിലേക്ക് മടങ്ങാന്‍ ഹസന്‍കുഞ്ഞി തീരുമാനിച്ചത്. ഇന്നലെ രാവിലെ പത്തര മണിയോടെയാണ് ഹസന്‍കുഞ്ഞിക്കുളള ചാലഞ്ചര്‍ 605 പ്രൈവറ്റ് ജെറ്റ് ഖത്തറില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.
12 സീറ്റാണ് ഈ കുഞ്ഞന്‍ വിമാനത്തിലുളളത്.യാത്രക്കാരായി ഹസന്‍കുഞ്ഞിയും ഭാര്യ സുഹറാബിയും മാത്രം.11.30ന് വിമാനം കണ്ണൂരില്‍ നിന്നും യാത്ര തിരിച്ചു. നാല് മണിക്കൂര്‍ യാത്രക്ക് പക്ഷെ,ചെലവ് 40 ലക്ഷത്തോളം രൂപയാണ്.കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ഹസന്‍കുഞ്ഞി ഈ യാത്ര കൊണ്ട് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഖത്തറില്‍ നിന്നും പ്രൈവറ്റ് ജറ്റ് എത്തിച്ച് കണ്ണൂരില്‍ നിന്ന് പറക്കുന്ന ആദ്യ യാത്രക്കാരന്‍ കൂടിയാണ് ഡോ.ഹസന്‍കുഞ്ഞി.