അടിമുടി മാറി ഖത്തര്‍ പൊലീസ്; പൊലീസുള്‍പ്പെടെ എല്ലാ സുരക്ഷാ വിഭാഗങ്ങള്‍ക്കും പുതിയ യൂണിഫോം
ഖത്തറില്‍ പൊലീസിലെ എല്ലാ സുരക്ഷാ വിഭാഗങ്ങള്‍ക്കും ഇനി പുതിയ യൂണിഫോം
ഖത്തറില്‍ പൊലീസുള്‍പ്പെടെ എല്ലാ സുരക്ഷാ വിഭാഗങ്ങള്‍ക്കും ഇനി പുതിയ യൂണിഫോം. ഖത്തറിന്‍റെ പൈതൃകവും ആധുനികതയും സമന്വയിപ്പിച്ച് കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുയോജ്യമായ തരത്തിലാണ് പുതിയ വേഷം രൂപകല്‍പ്പന ചെയ്തത്. വരുന്ന ഞായറാഴ്ച്ച മുതല്‍ പുതിയ യൂണിഫോമുകളിലായിരിക്കും പൊലീസുകാരെത്തുക.
പൊലീസുള്‍പ്പെടെ എല്ലാ സുരക്ഷാ വിഭാഗങ്ങളുടെയും യൂണിഫോമുകളില്‍ മാറ്റം വരുത്തിയതായി ആഭ്യന്തരമന്ത്രാലയമാണ് പ്രഖ്യാപിച്ചത്. പൊലീസ് ട്രെയിനിങ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് പുതിയ യൂണിഫോമുകള്‍ പുറത്തിറക്കിയത്. ഔദ്യോഗിക യൂണിഫോം, ഡ്യൂട്ടി യൂണിഫോം, ഫീല്‍ഡ് യൂണിഫോം, ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കേണ്ടവ, സ്പെഷ്യലൈസ്ഡ് ഫീല്‍ഡ് യൂണിഫോം, ട്രെയിനിങിനായുള്ള യൂണിഫോം, പ്രത്യേക ദൌത്യങ്ങള്‍ക്കായുള്ളവ അങ്ങനെ ഏഴ് തരങ്ങളിലായാണ് ഖത്തര്‍ പൊലീസിനുള്ള പുതിയ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്.
സ്റ്റേഡിയം സുരക്ഷ, പൊതുഗതാഗത സുരക്ഷ,, ട്രാഫിക് പട്രോള്‍, വനിതാപോലീസ് തുടങ്ങിയവയ്ക്കും പുതിയ യൂണിഫോമുകളുണ്ട്. തണുപ്പ് കാലത്തേക്കായി പ്രത്യേക ജാക്കറ്റുകളും പുറത്തിറക്കിയിട്ടുണ്ട് പൊലീസ് യൂണിഫോം പുതുക്കുന്നതിനായുള്ള പ്രത്യേക കമ്മിറ്റിയുടെ ചെയര്‍മാന്‍ ബ്രിഗേഡിയര്‍ അഹമ്മദ് ജാബിര്‍ അല്‍ ഹാമിദി, സമിതിയംഗം മേജര്‍ ഫഹദ് സഈദ് അല്‍ സുബൈഇ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.