ആരോഗ്യമുൻകരുതലുകൾ പാലിക്കാത്തവരെ കടയിലേക്ക് പ്രവേശിപ്പിച്ചാൽ 10,000 റിയാൽ പിഴയെന്ന് സൌദി

സൗദിയിൽ കോവിഡിന്‍റെ രണ്ടാം തരംഗത്തിനുള്ള സാധ്യത സംബന്ധിച്ച് പലതവണ അധികൃതർ മുന്നറിയിപ്പ് നൽകിയതാണ്.

Update: 2020-11-03 02:46 GMT

സൌദിയിൽ ആരോഗ്യമുൻകരുതലുകൾ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് തവക്കൽനാ അപ്ലിക്കേഷനിൽ ആരോഗ്യസ്ഥിതി തെളിയിക്കണം. ചട്ടങ്ങൾ പാലിക്കാത്തവരെ കുറിച്ച് വിവരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

സൗദിയിൽ കോവിഡിന്‍റെ രണ്ടാം തരംഗത്തിനുള്ള സാധ്യത സംബന്ധിച്ച് പലതവണ അധികൃതർ മുന്നറിയിപ്പ് നൽകിയതാണ്. വരും കാലങ്ങളിൽ കേസുകളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹാനി ജൗകതർ പറഞ്ഞു. രാജ്യത്തെ കാലാവസ്ഥയിൽ വരാനിരിക്കുന്ന മാറ്റവും, വീടിനകത്തും പുറത്തുമായി കുടുംബങ്ങളുടെ ഒത്ത് ചേരലുകൾ വർധിച്ചതും ഇതിന് കാരണമാകും. കൂടാതെ മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നതിൽ ജനങ്ങൾ അശ്രദ്ധരാകുന്നതും കേസുകൾ വർധിക്കാൻ കാരമമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

Full View

ആരോഗ്യ മുൻകരുതലുകൾ പാലിക്കാത്തവരെ സംബന്ധിച്ച് വിവരങ്ങൾ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോടഭ്യർത്ഥിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ജനങ്ങളെ കടകളിൽ പ്രവേശിക്കാൻ അനുവദിച്ചാൽ, സ്ഥാപനത്തിന് മേൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. മദീന മേഖലയിൽ തവക്കൽനാ ആപ്പ് വഴി ആരോഗ്യ സ്ഥിതി തെളിയിക്കുന്നവർക്ക് മാത്രമായി സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ നിയന്ത്രിച്ചിട്ടുണ്ട്. ഇന്ന് 381 പുതിയ കേസുകളും, 436 രോഗമുക്തിയും 17 പേരുടെ മരണവുമാണ് സൗദിയിൽ സ്ഥിരീകരിച്ചത്. ഇതുൾപ്പെടെ ഇത് വരെ 3,48,037 പേർക്ക് കോവിഡ് ബാധിച്ചതായും, 3,34,672 പേർക്ക് ഭേദമായതായും, 5,437 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News