സൗദിയിൽ സിഗ്‍നൽ നല്‍കാതെ ട്രാക്കുകള്‍ മാറുന്നതിനുള്ള പിഴ; മൂന്നാം ഘട്ടം ഇന്ന് മുതല്‍
തുടകത്തിൽ പ്രധാന നഗരങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്.
സൗദിയിലെ റോഡുകളില്‍ സിഗ്‍നൽ നല്‍കാതെ ട്രാക്കുകള്‍ മാറുന്നതിന് ഏര്‍പ്പെടുത്തിയ പിഴ സംവിധാനത്തിന്റെ മൂന്നാം ഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. തുടകത്തിൽ പ്രധാന നഗരങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്. ട്രാഫിക് ലൈനുകൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതാണ് പദ്ധതി. ഇതിനകം സംവിധാനം നടപ്പിലാക്കിയ ഇടങ്ങളില്‍ നിരവധി പേർക്ക് പിഴ ലഭിച്ചു. മുന്നൂറ് മുതൽ അഞ്ഞൂറ് റിയാൽ വരെയാണ് പിഴ ചുമത്തുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിന് നാളെ മുതൽ തുടക്കമാകും.
മൂന്നാം ഘട്ടത്തിൽ മക്ക, മദീന, അസീർ, ഖുറയ്യാത്ത്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സംവിധാനം പ്രാബല്യത്തിലാവുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളും ഡിവൈസുകളും വഴിയാണ് നിരീക്ഷണം നടത്തുക. റോഡുകളിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഇവയുടെ പ്രവർത്തനം. റോഡുകളില്‍ സിഗ്‌നല്‍ ഉപയോഗിക്കാതെ ട്രാക്കുകള്‍ മാറുക, നിയമ വിരുദ്ധമായ മാര്‍ഗത്തില്‍ വാഹനം മറികടക്കുക, എക്‌സിറ്റുകളും എന്‍ട്രികളും നിരോധിച്ച ഇടങ്ങളില്‍ വാഹനം അതിക്രമിച്ച് കയറ്റുക എന്നിവ പിടികൂടി പിഴയിടുന്നതാണ് രീതി. ഇതിനായി സ്ഥാപിച്ച പ്രത്യേകം ഡിവൈസുകളാണ് നിയമ ലംഘനങ്ങള്‍ പിടികൂടുക. അടുത്ത വർഷം പകുതിയോടെ രാജ്യത്തുടനീളം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.