ഖത്തറില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കാനുള്ള പ്രായപരിധി 35 ആയി കുറച്ചു

മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്കും നിലവില്‍ ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയതായി ആരോഗ്യമന്ത്രാലയം

Update: 2021-04-17 18:21 GMT
Advertising

ഖത്തറില്‍ 35 വയസ്സോ അതിന് മുകളിലോ ഉള്ള ഏതൊരാള്‍ക്കും ഇനി കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുണ്ടാകും. ആരോഗ്യമന്ത്രാലയമാണ് വാക്സിന്‍ ലഭിക്കാനുള്ള പ്രായപരിധി കുറച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതുവരെ 40 വയസ്സായിരുന്നു പ്രായപരിധി.

പ്രായപരിധി കുറയ്ക്കുന്നതിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് വാക്സിന്‍ എത്തിക്കാന്‍ കഴിയുമെന്ന് ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു. മുപ്പത്തിയഞ്ച് വാക്സിനേഷന്‍ സെന്‍ററുകളിലൂടെയാണ് നിലവില്‍ കുത്തിവെപ്പ് കാമ്പയിന്‍ നടത്തുന്നത്. ഇക്കഴിഞ്ഞയാഴ്ച് മാത്രം 1,60,000 ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. രാജ്യത്തെ മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ മൂന്നിലൊന്ന് പേര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാന്‍ കഴിഞ്ഞു. 60 വയസ്സിന് മുകളിലുള്ളവരില്‍ 82.6 ശതമാനം പേര്‍ക്കും 60 വയസ്സിന് മുകളിലുള്ളവരില്‍ 73 ശതമാനത്തിനും നിലവില്‍ ഒരുഡോസ് വാക്സിനെങ്കിലും നല്‍കിയിട്ടുണ്ട്. വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ നിലവില്‍ ആഗോള തലത്തില്‍ തന്നെ ഒമ്പതാം സ്ഥാനത്താണ് ഖത്തറുളളതെന്നും ഡോ. ഖാല്‍ കൂട്ടിച്ചേര്‍ത്തു

വാക്സിന്‍ ലഭിക്കുന്നതിനായി നിലവിലുള്ള നടപടിക്രമങ്ങള്‍ തന്നെയാണ് തുടരുന്നത്. ഓരോ താമസമേഖലകളിലുമുള്ള പിഎച്ച്സിസികളില്‍ നിന്നും യോഗ്യരായ ആളുകള്‍ക്ക് അപ്പോയിന്‍മെന്‍റ് മെസ്സേജായി ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്.

Tags:    

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News