അല്‍ ജസീറ ചാനല്‍ ഓഫീസ് ഉള്‍പ്പെടെ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന 45 കെട്ടിടങ്ങള്‍ ഖത്തര്‍ പുനര്‍നിര്‍മ്മിക്കും

സ്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ വിദേശകാര്യസഹമന്ത്രിയും വിദേശകാര്യവക്താവുമായ ലൌല അല്‍ ഖാതിറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗസ്സ പുനര്‍നിര്‍മ്മാണത്തിനായി 500 മില്യണ്‍ ഡോളറാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2021-05-31 02:29 GMT
Advertising

ഗസ്സയില്‍ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന 45 കെട്ടിട സമുച്ചയങ്ങള്‍ ഖത്തര്‍ പുനര്‍നിര്‍മ്മിക്കും. അല്‍ ജസീറ ചാനല്‍ കാര്യാലയം, ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റി ആസ്ഥാനം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളും ഇതിന് പുറമെ ഖത്തര്‍ നേരിട്ട് പുനര്‍നിര്‍മ്മിക്കും. സ്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ വിദേശകാര്യസഹമന്ത്രിയും വിദേശകാര്യവക്താവുമായ ലൌല അല്‍ ഖാതിറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗസ്സ പുനര്‍നിര്‍മ്മാണത്തിനായി 500 മില്യണ്‍ ഡോളറാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ഫലസ്തീനികളുടെ താമസകേന്ദ്രങ്ങളായ 45 കെട്ടിട സമുച്ചയങ്ങളുടെ പുനര്‍നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുന്നു.

ഇതിന് പുറമെ അല്‍ജസീറ ചാനല്‍, അസോസിയേറ്റഡ് പ്രസ്സ് എന്നിവയുടെ കാര്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ ജലാ ബില്‍ഡിങ്, ഖത്തര്‍ റെഡ് ക്രസന്‍റ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടം, ഗസ്സയില്‍ ഖത്തര്‍ സ്ഥാപിച്ച ഹമദ് റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍ തുടങ്ങിയവയും പുതുക്കിപ്പണിയും. ഈ മൂന്ന് കെട്ടിടങ്ങളും ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നിരുന്നു. ഗസ്സയ്ക്കായി ഖത്തര്‍ പ്രഖ്യാപിക്കുന്ന ധനസഹായം ഹമാസിനാണ് നല്‍കുന്നതെന്ന ഇസ്രയേല്‍ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ലൌല അല്‍ ഖാതിര്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയുടെ വിവിധ വിഭാഗങ്ങളുടെ അറിവോടെ മാത്രമാണ് ഖത്തറിന്‍റെ മുഴുവന്‍ ഫണ്ടും ഗസ്സയില്‍ ചിലവഴിക്കുന്നത്. ഇസ്രയേലിന്‍റെ തന്നെ അനുമതിയോടും കൂടി മാത്രമാണ് ഈ ഫണ്ടെല്ലാം ഗസ്സയിലെത്തുന്നതും. ഫലസ്തീനികളുടെ മാനുഷികപരമായ ആവശ്യങ്ങളിലേക്കും അവര്‍ക്ക് വൈദ്യുതി സൌകര്യങ്ങളൊരുക്കുന്നതിലേക്കുമാണ് കാര്യമായ തുകയും ചിലവഴിക്കപ്പെടുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഇസ്രയേല്‍ പ്രതിനിധികളുടെ വാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണെന്നും ലൌല അല്‍ ഖാതിര്‍ ചൂണ്ടിക്കാട്ടി

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News