സൗദിയില്‍ ആഭ്യന്തര യാത്രകള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മേഖല ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ ഇതിനകം വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്

Update: 2021-06-07 02:52 GMT
Advertising

സൗദിയില്‍ ആഭ്യന്തര യാത്രകള്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ വിശദീകരിച്ച് മന്ത്രാലയം. യാത്രകള്‍ക്ക് കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ സ്വകരിക്കാത്തവര്‍ക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന് തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

ആഭ്യന്തര യാത്രകള്‍ നടത്തുന്നതിന് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വിഭാഗവും വ്യക്തമാക്കി. എന്നാല്‍ വ്യക്തികളുടെ ആരോഗ്യ നില തെളിയിക്കുന്ന തവക്കല്‍ന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പച്ചയായിരിക്കണമെന്ന നിബന്ധന നിര്‍ബന്ധമാണെന്നും അതോറിറ്റി വിശദീകരിച്ചു.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഇത് ബാധകമാണ്. പതിനഞ്ച് വയസിന് മുകളില്‍ പ്രായമുള്ള ഓരോ വ്യക്തിക്കും വ്യക്തിഗത തവക്കല്‍ന ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് ആക്ടിവേറ്റ് ചെയ്യാവുന്നതാണെന്നും ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. തവക്കല്‍നയില്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ വരെ സ്റ്റാറ്റസ് നിലനില്‍ക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയതായും മന്ത്രാലയ അതികൃതര്‍ അറിയിച്ചു.

എന്നാല്‍ രാജ്യത്തെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മേഖല ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ ഇതിനകം വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരോ, കോവിഡ് ബാധിച്ച് ഭേദമായവരോ ആയിരിക്കണമെന്ന് മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമേ ആഗസ്ത് ഒന്ന് മുതല്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News