ബഹിരാകാശത്ത് നിന്നൊരു വാർത്താസമ്മേളനം; മാധ്യമപ്രവർത്തകരോട് സംവദിച്ച് സുൽത്താൻ അൽ നിയാദി

ബഹിരാകാശത്ത് 40 ദിവസം പിന്നിട്ട സുൽത്താൻ തന്റെ അനുഭവങ്ങൾ മാധ്യമപ്രവർത്തകരോട് പങ്കുവെച്ചു

Update: 2023-04-13 19:41 GMT
Advertising

ദുബൈ: ബഹിരാകാശ നിലയത്തിൽ നിന്ന് ദുബൈയിലെ മാധ്യമപ്രവർത്തകരോട് സംവദിച്ച് യു എ ഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി. ബഹിരാകാശത്ത് 40 ദിവസം പിന്നിട്ട സുൽത്താൻ തന്റെ അനുഭവങ്ങൾ മാധ്യമപ്രവർത്തകരോട് പങ്കുവെച്ചു.

ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിലിരുന്നാണ് ഭൂമിയിൽ നിന്ന് 408 കിലോമീറ്റർ അകലെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലുള്ള സുൽത്താൻ അൽ നിയാദിയുമായി ദുബൈയിലെ മാധ്യമപ്രവർത്തകർ സംവദിച്ചത്. ചോദ്യങ്ങൾക്ക് ബഹിരകാശത്ത് നിന്നും നിമിഷങ്ങളുടെ താമസം പോലുമില്ലാതെ വ്യക്തമായ ശബ്ദത്തിൽ സുൽത്താൻ മറുപടി നൽകി.

സുൽത്താന്റെ മാനസികനിലയേയും ആരോഗ്യത്തെയും കുറിച്ചായിരുന്നു പലരും ചോദ്യങ്ങൾ ഉന്നയിച്ചത്. ശൂന്യാകാശത്ത് നിന്ന് 40 തവണ ഭൂമിയെ ചുറ്റികാണുമ്പോൾ ശ്രദ്ധിച്ച കാഴ്ചകളെ കുറിച്ച് ചോദിച്ചപ്പോൾ ഹിമാലയത്തിന് മുകളിലെ കാര്യമാണ് നിയാദി പങ്കുവെച്ചത്.

മലിനീകരണം സംഭവിച്ച വായുവും ശുദ്ധവായുവും ഹിമാലയത്തിന് മുകളിൽ അതിരിട്ട് നിൽക്കുന്നത് കാണാമെന്നും, അതിരു ഭേദിച്ച് മലിനവായു മുന്നേറാതെ ഭൂമിയെ സംരക്ഷിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

യു എ ഇയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ റാശിദ് റോവർ ഏറ്റവും നിർണായകഘട്ടത്തിലാണെന്ന് പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററർ ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽ മറി പറഞ്ഞു. ബഹിരാകാശരംഗത്ത് ഇന്ത്യയുമായി യു എ ഇ സഹകരണം തുടരമെന്നും അദ്ദേഹം അറിയിച്ചു.

ഐ.എസ്.എസിൽ നിന്നും 20 മിനിറ്റിലേറെ സുൽത്താൻ അൽ നിയാദി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഭൂമിയേയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞാണ് സുൽത്താൻ അൽ നിയാദി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News