മാധ്യമ മേഖലയിൽ സ്വാതന്ത്ര്യം നിലനിർത്താൻ പ്രതിജ്ഞാബദ്ധമെന്ന് ബഹ്‌റൈൻ രാജാവ്

Update: 2023-05-04 17:23 GMT

മാധ്യമ മേഖലയിൽ സ്വാതന്ത്ര്യവും സുതാര്യതയും നിലനിർത്താൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ ദിനാചരണ പശ്ചാത്തലത്തിൽ ഇറക്കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാധ്യമ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബഹ്‌റൈനികൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. വികസനം, വളർച്ച, സമാധാനം എന്നീ മേഖലകളിൽ ശക്തമായ പങ്കാണ് മാധ്യമ പ്രവർത്തകർക്ക് നിർവഹിക്കാനുള്ളത്.

എല്ലാ വർഷവും മെയ് മൂന്നിനാണ് യു.എൻ അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. 'അവകാശങ്ങളിലുറച്ച് ഭാവിക്കായി പ്രവർത്തിക്കാം' എന്ന പ്രമേയത്തിലാണ് ഇക്കുറി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.

Advertising
Advertising

മാധ്യമ മേഖലയിലെ പ്രഫഷണലിസവും സാമൂഹിക ബാധ്യതയും മുന്നിൽ വെച്ച് മുന്നേറാൻ മാധ്യമ പ്രവർത്തകർക്ക് ബാധ്യതയുണ്ട്. കാലികമായ ജനാധിപത്യ മാറ്റങ്ങളെ ഉൾക്കൊള്ളാനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉത്തരവാദിത്വ പൂർണമായി വിനിയോഗിക്കാനും സാധിക്കേണ്ടതുണ്ട്.

മനുഷ്യാവകാശവും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ ബഹ്‌റൈന് മുന്നോട്ടു കുതിക്കാനായിട്ടുണ്ടെന്നും ഹമദ് രാജാവ് വിലയിരുത്തി. മനുഷ്യനെ ആദരിക്കാനും വർഗ, വർണ, ഭാഷാ, ദേശ, ലിംഗ വ്യത്യാസമില്ലാതെ അവകാശങ്ങൾ വകവെച്ചു കൊടുക്കാനും കഴിയുമ്പോഴാണ് ഏതൊരു സമൂഹത്തിനും ഉയർന്നു നിൽക്കാൻ സാധിക്കുകയെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News