ബഹ്റൈൻ ദേശീയ ദിനാഘോഷ നിറവില്‍; ആഘോഷപരിപാടികൾ നടന്നു

സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സന്ദേശം നൽകി

Update: 2022-12-16 18:33 GMT
Editor : ijas | By : Web Desk
Advertising

മനാമ: 51ാമത് ബഹ്റൈൻ ദേശീയ ദിനം വിപുലമായ പരിപാടികളോടെ രാജ്യമെങ്ങും ആഘോഷിച്ചു. കോവിഡ് മഹാമാരിയുടെ ഭീഷണിയിൽനിന്നും മോചിതമായ സാഹചര്യത്തിൽ വർധിച്ച ആവേശത്തോടെയാണ് ജനങ്ങൾ ആഘോഷങ്ങളിൽ പങ്കുചേർന്നത്. സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സന്ദേശം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പാലസിലെ ആഘോഷ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ജനജീവിതം പൂർവ്വ സ്ഥിതി കൈവരിച്ചതിന്‍റെ സന്തോഷത്തിലാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നതെന്ന് ഹമദ് രാജാവ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പ് വരുത്താൻ സ്വീകരിച്ചിട്ടുള്ള നടപടികളെ ഹമദ് രാജാവ് പ്രശംസിച്ചു. സാമ്പത്തിക ഉത്തേജന പദ്ധതി എല്ലാ മേഖലയുടെയും വികസനം സാധ്യമാക്കിയതായും. സാമ്പത്തിക, ധനകാര്യമേഖലയിലെ പ്രോത്സാഹജനകമായ നടപടികൾ കൂടുതൽ ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് രാജ്യം മുഖ്യപരിഗണനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Full View

സർക്കാർ മന്ത്രാലയങ്ങളുടെയും വിവിധ ഗവർണറേറ്റുകളുടെയും ആഭിമുഖ്യത്തിലായിരുന്നു വ്യത്യസ്തതയോടെ ഒരുക്കിയ ആഘോഷ പരിപാടികൾ . തദ്ദേശീയ കലാ രൂപങ്ങളും പരമ്പരാഗത അറബ് ന്യത്തച്ചുവടുകളും ആഘോഷ പരിപാടികൾക്ക് കൊഴുപ്പു പകർന്നു. സഖീറിലെ ഇൻ്റർനാഷണൽ സർക്യൂട്ടടക്കമുള്ള കേന്ദ്രങ്ങളിൽ കരിമരുന്ന് പ്രകടനത്തോടൊപ്പം വർണാഭമായ കലാപരിപാടികളും അരങ്ങേറി. രക്ത ദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കലാപരിപാടികൾ, എക്സിബിഷൻ തുടങ്ങി വ്യത്യസ്ത പരിപാടികൾ ഒരുക്കി പ്രവാസികളും ആഘോഷത്തിൽ വിപുലമായി തന്നെ പങ്കുചേർന്നു. ദേശീയദിനാഘോഷം പ്രമാണിച്ച് തിങ്കളാഴ്ച വരെ സർക്കാർ ഓഫീസുകൾക്കും മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വാരാന്ത്യ ദിനങ്ങളിലും ആഘോഷപരിപാടികൾ തുടരും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News