ബഹ്റൈനിൻ്റെ ആദ്യ ഗോൾഡൻ വിസ എം.എ യൂസുഫലിക്ക്

ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണെന്ന് യൂസുഫലി

Update: 2022-02-14 08:46 GMT
Advertising

ബഹ്‌റൈൻ പ്രഖ്യാപിച്ച ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസുഫലി. ബഹ്റൈൻ മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ എം.എ യുസുഫലിക്ക് നൽകാൻ തീരുമാനമായത്.

ഇന്ന് ഗുദൈബിയ പാലസിൽ ചേർന്ന ബഹ്റൈൻ മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ നമ്പർ 001 നമ്പറിൽ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസുഫലിക്ക് നൽകാൻ തീരുമാനിച്ചത്. ബഹ്റൈൻ സർക്കാർ പ്രഖ്യാപിച്ച ഗോൾഡൻ വിസ ആദ്യമായി ലഭിച്ച ബഹുമതി ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണെന്ന് യൂസുഫലി പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്‌റൈൻ സർക്കാരിനും ആത്മാർത്ഥമായി നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴച നടത്തി.

ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്‌റൈനിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും പുതിയ നിക്ഷേപകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നത്തിൽ സംശയമില്ലെന്നും യൂസുഫലി കൂട്ടിച്ചേർത്തു.

നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോൾഡൻ റെസിഡൻസി വിസ നൽകുമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹ്‌റൈൻ പ്രഖ്യാപിച്ചത്. വിഷൻ 2030ന് അനുസൃതമായി നിരവധി ആനുകൂല്യങ്ങളോടെ പ്രഖ്യാപിച്ച ഗോൾഡൻ വിസ രാജ്യത്ത് എല്ലാ തലങ്ങളിലും പുരോഗതിക്ക് കാരണമാകുമെന്ന് പ്രഖ്യാപന വേളയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News