2025 ആദ്യ പാദത്തിൽ ബഹ്‌റൈൻ ജി.ഡി.പിയിൽ 2.7 ശതമാനം വളർച്ച

ഉൽപാദനത്തിന്റെ 84.8 ശതമാനം എണ്ണയിതര മേഖലയിൽ

Update: 2025-08-13 17:47 GMT

മനാമ: 2025ന്റെ ആദ്യ പാദത്തിൽ ബഹ്‌റൈൻ ജി.ഡി.പിയിൽ വളർച്ച രേഖപ്പെടുത്തിയതായി ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിന്റെ റിപ്പോർട്ട്. രാജ്യത്തിന്റെ ജി.ഡി.പിയിൽ 2.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

വിവര സാങ്കേതിക, ഇ-ഗവൺമെന്റ് അതോറിറ്റിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം, എണ്ണയിതര മേഖലയിൽ 2.2% വളർച്ചയും എണ്ണമേഖലയിൽ 5.3% വളർച്ചയും ഉണ്ടായി. ഇതാണ് മൊത്തത്തിലുള്ള ജി.ഡി.പി വളർച്ചക്ക് കാരണം. സാമ്പത്തിക മേഖലയിലെ മൊത്തം ഉൽപാദനത്തിന്റെ 84.8 ശതമാനം എണ്ണയിതര മേഖലയിൽ നിന്നാണ്.

ഹോട്ടൽ, റസ്റ്റാറന്റ് സേവനങ്ങളാണ് ഏറ്റവും ഉയർന്ന വളർച്ച നേടിയത്, 10.3 ശതമാനം. ജി.ഡി.പിയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സാമ്പത്തിക, ഇൻഷുറൻസ് മേഖല 7.5 ശതമാനം വളർച്ച നേടി. നിർമാണ മേഖല 5.4 ശതമാനവും വിദ്യാഭ്യാസ മേഖല 2.5 ശതമാനവും വളർന്നു. പ്രഫഷനൽ, ശാസ്ത്ര-സാങ്കേതിക പ്രവർത്തനങ്ങൾ 2.2 ശതമാനവും മൊത്ത, ചില്ലറ വ്യാപാര, റിയൽ എസ്റ്റേറ്റ് മേഖലകൾ 2.0 ശതമാനവും വളർച്ച നേടി. ഗതാഗത, സംഭരണ മേഖല 1.9 ശതമാനവും വിവര സാങ്കേതിക, ആശയവിനിമയ മേഖല 1.4 ശതമാനവുമാണ് വളർച്ച നേടിയത്.

അതേസമയം, ഉൽപാദന മേഖലയിൽ 0.4 ശതമാനം കുറവ് രേഖപ്പെടുത്തി. 2025ന്റെ ആദ്യ പാദത്തിൽ വിദേശ നിക്ഷേപത്തിലും വർധനയുണ്ടായി. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) മൂല്യം 3.5% വർധിച്ച് 17.1 ബില്യൺ ദീനാറിലെത്തി. സാമ്പത്തിക വൈവിധ്യവത്കരണത്തിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ബഹ്റൈൻ നടപ്പാക്കുന്ന തന്ത്രങ്ങളും സംരംഭങ്ങളും അന്താരാഷ്ട്ര സാമ്പത്തിക, വികസന സൂചികകളിൽ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News