അശ്രദ്ധമായ പുകവലി ശീലം തീപിടിത്തങ്ങൾക്ക് കാരണമാകുന്നു;ബഹ്റൈനിൽ മുന്നറിയിപ്പ്

സിഗരറ്റ് ശരിയായി കെടുത്താനും കിടക്കയിൽ ഇരുന്നുള്ള പുകവലി ഒഴിവാക്കാനും നിർദേശം

Update: 2025-06-08 15:51 GMT
Editor : razinabdulazeez | By : Web Desk

മനാമ: ബഹ്റൈനിൽ സമീപകാലത്തുണ്ടായ തീപിടിത്തങ്ങളിൽ കൂടുതലും അശ്രദ്ധമായ പുകവലി ശീലം കാരണമാണെന്ന് അധിക‍ൃതർ. സിഗരറ്റ് ശരിയായി കെടുത്താനും കിടക്കയിൽ ഇരുന്നുള്ള പുകവലി ഒഴിവാക്കാനും ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്തുണ്ടാകുന്ന തീപിടിത്തങ്ങളിൽ പകുതിയും അശ്രദ്ധ മൂലമാണെന്നും അതിൽ വലിയൊരു പങ്ക് പുകവലി കാരണമാണെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യു.എസ് പോലുള്ള രാജ്യങ്ങളിൽ പ്രതിവർഷം ഏകദേശം 15,000 തീപിടിത്തങ്ങൾ അശ്രദ്ധമായ പുകവലി കാരണമാണ് ഉണ്ടാകുന്നത്. ബഹ്റൈനിൽ ഇങ്ങനെ സംഭവിക്കാതിരിക്കാനായി എല്ലാവരും മുൻകരുതൽ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാറുകളിൽനിന്നും പൊതുനിരത്തുകളിലേക്കും ഉണങ്ങിയ പുല്ലുകളിലേക്കും വലിച്ചെറിയപ്പെടുന്ന സിഗരറ്റുകൾ വലിയ അപകടമുണ്ടാക്കാമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പൊതു ഇടങ്ങൾ, ഷോപ്പിങ് മാളുകൾ, സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയിടത്തെല്ലാം ബഹ്റൈനിൽ പുകവലി നിരോധിച്ചിട്ടുണ്ട്. പുകയില പരസ്യങ്ങൾക്കും പ്രമോഷനും രാജ്യത്ത് നിയന്ത്രണങ്ങളുണ്ട്. കൂടാതെ പുകവലി നിയന്ത്രിക്കാനായി 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് മാത്രമായി സിഗരറ്റ് വിൽപന പരിമിതപ്പെടുത്തുകയും പുകയില ഉൽപന്നങ്ങൾക്ക് 100 ശതമാനം എക്സൈസ് നികുതി ഏർപ്പെടുത്തുകയും ചെയ്‌തിട്ടുമുണ്ട്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News