ബഹ്‌റൈനിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം

സേവനങ്ങൾ എംബസിയിൽ നിന്നാകും ഇനി മുതൽ നേരിട്ട് ലഭ്യമാകുക

Update: 2025-06-28 16:32 GMT
Editor : razinabdulazeez | By : Web Desk

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം. ജൂലൈ ഒന്നുമുതൽ, രാജ്യത്തെ എല്ലാ ഇന്ത്യൻ കോൺസുലർ സേവനങ്ങളും മനാമയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തു നിന്നാകും ലഭ്യമാകുക. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ദാനാ മാളിലെ ഐ.വി.എസ് ഗ്ലോബൽ സർവീസസിൽ സേവനങ്ങൾ ലഭ്യമാകില്ലെന്നും അധികൃതർ അറിയിച്ചു. വിസാ സേവനങ്ങളും പാസ്പോർട്ട് ഉൾപ്പെടെ എല്ലാ കോൺസുലാർ സേവനങ്ങളും എംബസിയിൽ നിന്നാകും ഇനി മുതൽ നേരിട്ട് ലഭ്യമാകുക. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിലും കാര്യക്ഷമമായും ലഭ്യമാക്കാനാണ് ഈ നീക്കം.

Advertising
Advertising

ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ച് വരെയാകും എംബസിയുടെ പ്രവർത്തന സമയം. എന്നാൽ പൊതു അവധി ദിവസങ്ങളിൽ കോൺസുലാർ സേവനങ്ങൾ ലഭിക്കുകയില്ല. സേവനങ്ങളുമായി ബന്ധപ്പെട്ട വിവിധ രേഖകൾ കൈപ്പറ്റാനായുള്ള സമയം വൈകുന്നേരം അഞ്ചു മുതൽ 5:45 വരെയാണ്. രേഖകൾ കൈപ്പറ്റുന്നതിന് മുൻകൂട്ടിയുള്ള അപ്പോയിന്റ്മെന്‍റിന്‍റെ ആവശ്യമില്ല.

അല്ലാതെയുള്ള സേവനങ്ങൾക്ക് അപ്പോയിൻമെന്റ് നിർബന്ധമാണ്. ‘EoIBHConnect’ എന്ന ആപ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡിലും ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. അപേക്ഷകർ ശരിയായി പൂരിപ്പിച്ച അപേക്ഷ ഫോറവും എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയ എല്ലാ രേഖകളും കൈവശം കരുതണം. പണമായി മാത്രമാണ് സേവനങ്ങളുടെ പേയ്മെന്റുകൾ സ്വീകരിക്കുകയുള്ളൂ. കൂടുതൽ അന്വേഷണങ്ങൾക്കും സഹായത്തിനും അപേക്ഷകർക്ക് കോൺസുലാർ ടീമുമായി ബന്ധപ്പെടാം എന്നും എംബസി അറിയിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News