നയതന്ത്ര ഫോറം വിദേശകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു

Update: 2023-01-11 05:14 GMT
Advertising

ബഹ്‌റൈനിൽ നയതന്ത്ര ഫോറം-2023 വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. നയതന്ത്ര മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ വ്യക്തിത്വങ്ങളും നിർവഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് വളരെ നിസ്തുലവും രാജ്യത്തിന്റെ പേരും പ്രശസ്തിയും ഉയർത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളുമായി സൗഹൃദപരമായ നയതന്ത്രബന്ധം കാത്തുസൂക്ഷിക്കാൻ ബഹ്‌റൈന് സാധിക്കുകയും അത് കൂടുതൽ വിപുലപ്പെടുത്താൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭരണകാലത്ത് സാധിക്കുകയും ചെയ്തിട്ടുണ്ട്.

ബഹ്‌റൈനിൽ എല്ലാ വർഷവും ജനുവരി 14ന് നയതന്ത്ര ദിനമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫോറം സംഘടിപ്പിച്ചത്. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാനും വിവിധ നാടുകളിലെ ബഹ്‌റൈൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും നയതന്ത്ര കാര്യാലയങ്ങൾ വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് വലുതാണ്. മന്ത്രിമാർ, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളുടെ ബഹ്‌റൈനിലെ അംബാസഡർമാർ തുടങ്ങിയവർ ഫോറത്തിൽ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ റിഫ പാലസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഇവർ കൂടിക്കാഴ്ചയും നടത്തിയിരുന്നു. നയതന്ത്ര മേഖലയിൽ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News