Writer - razinabdulazeez
razinab@321
മനാമ: വിദ്യാഭ്യാസ മേഖലയിലെ 75 വർഷത്തെ മികവുറ്റ സേവനം പൂർത്തിയാക്കുന്ന ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ ഫെയർ സംഘടിപ്പിക്കുന്നു. ജനുവരി 15, 16 തീയതികളിലാണ് മെഗാ ഫെയർ നടക്കുക. 1950ൽ സ്ഥാപിതമായ ഇന്ത്യൻ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ അതിന്റെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുകയും, നേട്ടങ്ങൾ ആഘോഷിക്കുകയും, ഭാവിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി 15നു പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോടെയാണ് സാംസ്കാരിക ആഘോഷങ്ങൾ ആരംഭിക്കുന്നത്.
ജനുവരി 16 ന്, വിദ്യാർത്ഥികളുടെ സാംസ്കാരിക അവതരണങ്ങളോടെ ആഘോഷങ്ങൾ തുടരും. തുടർന്ന് ഇന്ത്യൻ പിന്നണി ഗായകരായ രൂപാലി ജഗ്ഗയും അഭിഷേക് സോണിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന മേളയിൽ രണ്ട് ദിവസവും പരിപാടികൾ വൈകുന്നേരം 6 മുതൽ രാത്രി 10:30 വരെ നടക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും വിശാലമായ സമൂഹത്തിൽ നിന്നുള്ള കുടുംബങ്ങൾക്കും ഒത്തുചേരാൻ അവസരം മേള പ്രദാനം ചെയ്യും. സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക പ്രകടനങ്ങളുടെ ശ്രദ്ധേയമായ ഒരു ശ്രേണി മേളയിൽ പ്രദർശിപ്പിക്കും.
മേളയുടെ ഒരു പ്രധാന ആകർഷണം അതിന്റെ വിപുലമായ ഭക്ഷണ, വിനോദ സ്റ്റാളുകളായിരിക്കും. ലൈസൻസുള്ള ഔട്ട്ഡോർ കാറ്ററിംഗ് സ്ഥാപനങ്ങൾ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രിയ പാചകരീതികൾക്കൊപ്പം പ്രാദേശിക പ്രത്യേകതകൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരുക്കും. കൂടാതെ, കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും വേണ്ടി നിരവധി ഗെയിമുകൾ, വിനോദ സ്റ്റാളുകൾ എന്നിവ സംഘടിപ്പിക്കും. റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനമായി എം ജി കാർ നൽകി സയാനി മോട്ടോഴ്‌സ് മേളയെ ഉദാരമായി പിന്തുണക്കുന്നു. ജനുവരി 18 ന് രാവിലെ 11 മണിക്ക് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റാഫിൾ നറുക്കെടുപ്പ് നടക്കും. പ്ലാറ്റിനം ജൂബിലി പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് പ്രിൻസിപ്പൽമാരുടെയും വൈസ് പ്രിൻസിപ്പൽമാരുടെയും നേതൃത്വത്തിൽ ഒരു സമർപ്പിത സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. മേളയുടെ ജനറൽ കൺവീനർ ആർ. രമേശിന്റെയും പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജന്റെയും നേതൃത്വത്തിൽ രക്ഷാകർതൃ സംഘാടക സമിതിയും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു.
പ്ലാറ്റിനം ജൂബിലി സാംസ്കാരിക മേള വ്യക്തവും അർത്ഥവത്തായതുമായ ലക്ഷ്യങ്ങളോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടിയിൽ നിന്നുള്ള വരുമാനം അടിസ്ഥാന സൗകര്യ വികസനം, വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാരുടെ ക്ഷേമ സംരംഭങ്ങൾ എന്നിവയിലേക്ക് വിനിയോഗിക്കുമെന്നു ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമം ആഘോഷങ്ങളുടെ വ്യാപ്തിയും ഗുണനിലവാരവും ഉയർത്തുക മാത്രമല്ല, വിദ്യാഭ്യാസത്തിലും സമൂഹബന്ധത്തിലും മികവ് പുലർത്തുന്നതിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടു ദിനാറാണ് ഫെയർ ടിക്കറ്റ് നിരക്ക്. 12,000-ത്തിലധികം വിദ്യാർത്ഥികളും 700 അധ്യാപകരും ഉൾക്കൊള്ളുന്ന ഇന്ത്യൻ സ്‌കൂൾ ഒരുക്കുന്ന മേള സന്ദർശിക്കാൻ എത്തുന്നവർക്ക് സൗകര്യപ്രദമായ പാർക്കിങ് ഉറപ്പാക്കാൻ ദേശീയ സ്റ്റേഡിയത്തിൽ നിന്ന് ഷട്ടിൽ ബസ് സർവീസുകൾ ഒരുക്കും.
പത്രസമ്മേളനത്തിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട്സ് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട് അംഗം മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവിയർ, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്ലാറ്റിനം ജൂബിലി ഫെയർ ജനറൽ കൺവീനർ ആർ.രമേശ്, സ്റ്റാർ വിഷൻ ഇവന്റസ് ചെയർമാൻ സേതുരാജ് കടക്കൽ, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്.നടരാജൻ, പ്ലാറ്റിനം ജൂബിലി ഫെയർ അഡ്വൈസർ മുഹമ്മദ് ഹുസൈൻ മാലിം, സ്‌പോൺസർഷിപ്പ് ജനറൽ കൺവീനർ കെ.അജയകൃഷ്ണൻ, കോഓർഡിനേറ്റർ അഷ്‌റഫ് കെ എന്നിവർ പങ്കെടുത്തു.