ബഹ്‌റൈനിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് മുന്നറിയിപ്പ് നൽകിയത്

Update: 2025-05-27 10:21 GMT

മനാമ: വ്യാപകമാകുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ. വ്യാജ ഓൺലൈൻ പരസ്യങ്ങൾ കണ്ട് ചതിക്കുഴികളിൽ വീഴരുതെന്നും നിയമാനുസൃതമായ സ്ഥാപനങ്ങളിൽ നിന്ന് മാത്രം സേവനങ്ങൾ ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.

ഓൺലൈൻ പരസ്യങ്ങൾ മാത്രം കണ്ട് കൃത്യമായ ഉറവിടമോ അംഗീകാരമോ ഇല്ലാത്ത സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും സ്വീകരിക്കുന്നതിൽ നിന്ന് ഉപയോക്താക്കൾ വിട്ടുനിൽക്കണമെന്നാണ് മുന്നറിയിപ്പ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Advertising
Advertising

തുണിത്തരങ്ങൾ, ടൂർ പാക്കേജുകൾ തുടങ്ങി വിവിധ മേഖലകളിൽ വ്യാജ ഓൺലൈൻ പരസ്യങ്ങൾ വർധിച്ചിട്ടുണ്ടെന്ന് സംഘടിത കുറ്റകൃത്യ നിരീക്ഷണ മേധാവി മേജർ ഫാത്തിമ അൽ ദോസരി പറഞ്ഞു. ഇത്തരം പരസ്യങ്ങൾ ഒന്നുകിൽ ബാങ്ക് വിവരങ്ങൾ മോഷ്ടിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്ക് ഉപഭോക്താക്കളെ എത്തിക്കും. അല്ലെങ്കിൽ വാട്ട്‌സ്ആപ്പിലൂടെ പണം തട്ടിയെടുത്ത് മുങ്ങും. അതുകൊണ്ടുതന്നെ വാങ്ങുന്ന ഉൽപന്നങ്ങൾ അംഗീകൃത കച്ചവടസ്ഥാപനത്തിൽ നിന്നാണെന്ന് ഉറപ്പാക്കേണ്ടത് ഉപഭോക്താക്കളുടെ ഉത്തരവാദിത്തമാണെന്ന് മേജർ ഫാത്തിമ അൽ ദോസരി ചൂണ്ടിക്കാട്ടി.

ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധിയും വേനൽക്കാല അവധിയും അടുത്തുവരുന്നതിനാൽ യാത്രാ തട്ടിപ്പുകളിൽ വർധനയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാലോ തട്ടിപ്പിനിരയായാലോ 992 എന്ന സൈബർ ക്രൈം ഹോട്ട് ലൈൻ നമ്പരിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാൻ അധികാരികൾ അഭ്യർഥിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News