ബഹ്‌റൈൻ പ്രതിഭ ഇടപെടൽ: 38 വർഷമായി നാട്ടിൽ പോകാത്ത രമേശൻ നരമ്പ്രത്ത് വീട്ടിലെത്തി

അവിവാഹിതനായ രമേശന് നാട്ടിൽ തറവാട് വീടല്ലാതെ മറ്റൊരു സമ്പാദ്യവുമില്ല

Update: 2024-08-12 05:16 GMT

മനാമ: ബഹ്‌റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ ഇടപെടൽ തുണയായതോടെ 38 വർഷമായി നാട്ടിൽ പോകാത്ത രമേശൻ നരമ്പ്രത്ത് വീട്ടിലെത്തി. കണ്ണൂർ ജില്ലയിലെ മേലേ ചൊവ്വ സ്വദേശി രമേശൻ നരമ്പ്രത്ത് 42 വർഷമായി ബഹ്റൈൻ പ്രവാസിയായി കഴിഞ്ഞു വരികയായിരുന്നു.

1982ലാണ് ബഹ്റൈനിൽ എത്തിയത്. 1986ൽ ഒരു തവണ മാത്രം നാട്ടിൽ പോയി. പിന്നീടുള്ള 38 വർഷത്തിൽ മറ്റൊരു കാരണവും പറയാനില്ലാതെ ഒരിക്കൽപോലും നാട്ടിൽ പോകാനായി രമേശൻ ശ്രമിച്ചില്ല. നരമ്പ്രത്ത് രമേശനെ സംബന്ധിച്ച് ഈ പവിഴ ദ്വീപ് തന്റെ നാടായി മാറുകയായിരുന്നു. ഇക്കാലയളവ് മുഴുവൻ പാസ്‌പോർട്ടോ വിസയോ ഇല്ലാതെ അനധികൃതമായാണ് രമേശൻ ബഹ്റൈനിലെ റിഫ പ്രദേശത്ത് താമസിച്ചു കൊണ്ടിരുന്നത്. സ്‌ക്രാപ്പ് കടയിലെ സഹായിയായാണ് രമേശൻ ഇത്ര കാലവും തന്റെ പ്രവാസ ജീവിതം തള്ളി നീക്കിയത്. കുറച്ച് കാലമായി ശാരീരിക അധ്വാനം വലിയ പ്രയാസമായി മാറിയപ്പോൾ കാരുണ്യവാന്മാരായ പ്രവാസികളുടെ സഹായത്താൽ ജീവിതം പതിയെ തള്ളി നീക്കുകയായിരുന്നു.

Advertising
Advertising

അവിവാഹിതനായ രമേശന് നാട്ടിൽ ചെന്നാൽ തറവാട് വീടല്ലാതെ മറ്റൊരു സമ്പാദ്യവുമില്ല. ജീവിച്ചിരിക്കുന്ന ഒരു സഹോദരിയും തറവാട് വീട്ടിൽ കഴിയുന്ന അവരുടെ മക്കളുമാണ് നരമ്പ്രത്ത് രമേശന് ഇപ്പോൾ ആകെയുള്ള കുടുംബം അംഗങ്ങൾ. നാട്ടിലേക്ക് പോകാൻ എപ്പോഴോ ഒരു ആഗ്രഹം രമേശൻ പ്രകടിപ്പിച്ചപ്പോൾ ബഹ്‌റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ വേണ്ട സഹായവുമായി മുന്നിൽ നിന്നു. റിഫ മേഖലയിലെ ബഹ്‌റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ പ്രവർത്തകർക്കൊപ്പം പ്രതിഭ നേതാക്കളായ നുബിൻ അൻസാരി, ജയേഷ്, ഷമേജ്, ഷിജു പിണറായി, സുരേഷ് തുറയൂർ എന്നിവർ ഒത്തൊരുമിച്ചു പ്രവർത്തിച്ചു. അവരുടെ ഇടപെടൽ മൂലം എംബസിയിലും എമിഗ്രേഷനിലും മറ്റു ബന്ധപ്പെട്ട ഓഫീസുകളിലും നിന്ന് ആവശ്യമായ യാത്രാരേഖകൾ അതിവേഗം സംഘടിപ്പിച്ചു.

രമേശന് നാട്ടിൽ പോകുന്നതിനുള്ള വിമാന ടിക്കറ്റിനും മറ്റു യാത്രാ ചെലവുകൾക്കുള്ള തുക എന്നിവ നൽകി ചില സുമനസ്സുകൾ സഹായിച്ചു. ബഹ്‌റൈനിൽനിന്ന് പുറപ്പെട്ട രമേശനെ കണ്ണൂർ എയർപോർട്ടിൽ സ്വീകരിച്ച് പ്രതിഭ നേതാക്കളായ ഷമേജ്, ജയേഷ്, ഷിജി, രഹിന എന്നിവർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു. രമേശനെ നാട്ടിൽ എത്തിക്കുന്ന കാര്യത്തിൽ തുടക്കം മുതൽ തന്നെ ഇടപെട്ട് ആവശ്യമായ സൗകര്യങ്ങൾ നൽകി പോന്ന ബഹ്‌റൈൻ പ്രതിഭ റിഫ മേഖല വൈസ് പ്രസിഡണ്ടും ഹെൽപ്പ് ലൈൻ സബ് കമ്മിറ്റി ചുമതലയുമുള്ള ഷമേജിന്റെയും പ്രതിഭ കേന്ദ്ര ഹെൽപ്ലൈൻ കൺവീനർ ജയേഷിന്റെയും ഇടപെടൽ സഹായകരമായി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News