Writer - razinabdulazeez
razinab@321
മനാമ: ജോലി വാഗ്ദാനം ചെയ്ത ശേഷം ബഹ്റൈനിലെത്തിച്ച യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതികൾക്ക് അഞ്ച് വർഷം തടവ്. കഴിഞ്ഞ വർഷം നവംബറിലാണ് സലൂണിലെ മസാജ് തെറാപ്പിസ്റ്റെന്ന ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പ്രതികൾ ബഹ്റൈനിലെത്തിക്കുന്നത്. പിന്നീട് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയ സംഘം അവരെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. ഇതിനുപുറമേ പ്രതികൾ യുവതിയെ മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. തന്റെ കയ്യിൽ നിന്ന് പാസ്പോർട്ടും മറ്റുരേഖകളും പ്രതികൾ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു
ഏഷ്യൻ വംശജരായ മൂന്ന് പേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ പ്രതികളിലോരോരുത്തരും 2000 ദിനാർ വീതം പിഴയും യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ചെലവും വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം പ്രതികളെ നാടുകടത്തും
യുവതിയെ ഉപദ്രവിക്കുകയും നഗ്നചിത്രങ്ങളെടുക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതാണ് ഒന്നും രണ്ടും പ്രതികൾ ചെയ്ത കുറ്റം. ഉപഭോക്താക്കളായി മറ്റുള്ളവരെ എത്തിച്ചുവെന്നതാണ് മൂന്നാം പ്രതി ചെയ്ത കുറ്റം. രണ്ട് മാസത്തോളം പീഡനമനുഭവിച്ച യുവതി കഴിഞ്ഞ ജനുവരിയിലാണ് പ്രതികളുടെ അടുക്കൽ നിന്ന് രക്ഷപ്പെടുന്നതും പൊലീസിന്റെ സഹായം തേടുന്നതും.