ജൈറ്റക്സ് പ്രദർശനത്തിന് തുടക്കം; ദുബൈ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

നാല് ദിവസം നീളുന്ന പ്രദർശനത്തിൽ കൂടുതൽ സർക്കാർ വകുപ്പുകൾ അത്യാധുനിക സൗകര്യങ്ങൾ അവതരിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.

Update: 2023-10-16 18:58 GMT

ദുബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവരസാങ്കേതികവിദ്യാ പ്രദർശനമായ ജൈറ്റക്സിന് ദുബൈയിൽ തുടക്കമായി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് പ്രദർശനം ഉദ്ഘാടനം ചെയ്തു. നാൽപത്തിമൂന്നാം തവണയാണ് ദുബൈ നഗരം ജൈറ്റക്സ് പ്രദർശനത്തിന് വേദിയൊരുക്കുന്നത്. 

ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ വൻ ജനപങ്കാളിത്തത്തോടെയാണ് ജൈറ്റക്സ് പ്രദർശനത്തിന് തിരശ്ശീല ഉയർന്നത്. വിവര സാങ്കേതിക വിദ്യാ മുന്നേറ്റത്തിനൊപ്പം ദുബൈയുടെ കൂടി വളർച്ച പ്രതിഫലിക്കുകയാണ് ഈ പ്രദർശനത്തിലെന്ന് ഉദ്ഘാടനം നിർവഹിച്ച ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന സാങ്കേതിക സൗകര്യങ്ങൾക്കാണ് ഇത്തവണ ജൈറ്റക്സിൽ മുൻതൂക്കം നൽകുന്നത്. 

Advertising
Advertising

യു.എ.ഇ സർക്കാർ സ്ഥാപനങ്ങൾ നിരവധി പുതിയ സൗകര്യങ്ങൾ മേളയിൽ അവതരിപ്പിക്കുന്നുണ്ട്. പ്രവാസികൾക്ക് എമിറേറ്റ്സ് ഐഡിയും സ്വദേശികൾക്ക് പാസ്പോർട്ടും ബയോമെട്രിക് വിവരങ്ങളും നൽകി പ്രിന്റ് ചെയ്ത് എടുക്കാവുന്ന കിയോസ്കുകൾ ജൈറ്രക്സിൽ അവതരിപ്പിച്ചു. ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ഫെഡറൽ അതോറിറ്റിയാണ് കിയോസ്കുകൾ അവതരിപ്പിച്ചത്. 

ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന പട്രോളിങ് വാഹനമാണ് ദുബൈ പൊലീസ് ജൈറ്റക്സിൽ അവതരിപ്പിച്ചത്. ബാറ്ററിയിൽ 15 മണിക്കൂര്‍ ഈ വാഹനം സഞ്ചരിക്കും. 360 ഡിഗ്രി ചിത്രങ്ങളും വീഡിയോയും പകർത്തും. പൊലീസ് അന്വേഷിക്കുന്നവരുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മനസിലാക്കാനും ഇതിൽ സംവിധാനമുണ്ടാകും. നാല് ദിവസം നീളുന്ന പ്രദർശനത്തിൽ കൂടുതൽ സർക്കാർ വകുപ്പുകൾ അത്യാധുനിക സൗകര്യങ്ങൾ അവതരിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന പേരിൽ സ്റ്റാർട്ട്അപ്പ് എക്സിബിഷനും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News