റമദാൻ വ്രതശുദ്ധിയിൽ ഗൾഫിലെ പ്രവാസികൾ ഈദുൽഫിത്വർ ആഘോഷിച്ചു

തക്ബീർ നിറഞ്ഞ പുലരിയിൽ ആയിരങ്ങളാണ് പള്ളികളിലേക്കും ഈദ്ഗാഹിലേക്കും ഒഴുകിയത്

Update: 2022-05-02 18:26 GMT
Editor : Dibin Gopan | By : Web Desk

ദുബൈ: റമദാൻ വ്രതശുദ്ധിയിൽ ഗൾഫിലെ പ്രവാസികൾ ഇന്ന് ഈദുൽഫിത്വറിനെ വരവേറ്റു. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതിനാൽ നിറഞ്ഞ ആഹ്‌ളാദത്തിലാണ് ആറ് ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ ആഘോഷിച്ചത്. തക്ബീർ നിറഞ്ഞ പുലരിയിൽ ആയിരങ്ങളാണ് പള്ളികളിലേക്കും ഈദ്ഗാഹിലേക്കും ഒഴുകിയത്. ഒരുദിവസം വൈകിയാണ് റമദാൻ ആരംഭിച്ചതെങ്കിലും ഒമാനും മറ്റു ഗൾഫ് രാജ്യങ്ങൾക്കൊപ്പമാണ് ഇന്ന് ഈദ് ആഘോഷിച്ചു.

ദുബൈ അൽമനാർ ഇസ്ലാമിക് സെന്ററിൽ മലയാളികൾ ഒരുക്കിയ ഈദ്ഗാഹിൽ മൗലവി അബ്ദുസലാം മോങ്ങം നമസ്‌കാരത്തിന് നേതൃത്വം നൽകി. ഭിന്നിപ്പും വെറുപ്പും പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്ന വർത്തമാനകാലത്തും സ്‌നേഹവും വിശ്വാസവും കരുത്താക്കി മുന്നേറാൻ ഇമാമുമാർ വിശ്വാസികളെ ഉണർത്തി. നീണ്ട ഇടവേളക്ക് ശേഷം നാട്ടിലേത് പോലെ മലയാളത്തിൽ ഖുത്തുബ കേട്ട് പ്രിയപ്പെട്ടവർക്കൊപ്പം പെരുന്നാൾ നമസ്‌കരിക്കാൻ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലായിരുന്നു പലരും.

Advertising
Advertising

മലയാളത്തിൽ ഖുത്തുബയുള്ള ഷാർജ മസ്ജിദുൽ അസീസിൽ നമസ്‌കാരത്തിന് ഹുസൈൻ സലഫി നേതൃത്വം നൽകി.സൗദിയിലെ ഇരുഹറമുകളിലും പെരുന്നാൾ നമസ്‌കാരത്തിന് സംഗമിച്ചു. ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ പ്രവാസികളും ഈദാഘോഷം കെങ്കേമമാക്കി. കുവൈത്തിൽ 20 പള്ളികളിൽ മലയാളത്തിലായിരുന്നു ഖുതുബ. ഗൾഫിൽ കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ നിലവിൽ വന്ന ശേഷമുള്ള ആദ്യ പെരുന്നാളായിരുന്നു ഇത്തവണ. എങ്കിലും, ഈദ്ഗാഹുകൾക്ക് മുൻകരുതൽ നടപടി എന്ന നിലയിൽ പ്രത്യേകം കോവിഡ് പ്രോട്ടോകോളുണ്ടായിരുന്നു.കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മറ്റൊരു പെരുന്നാൾ ആഘോഷിക്കുകയാണ് പ്രവാസി സമൂഹം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News