ടെക്‌നിക്കൽ തസ്തികകളിൽ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർക്ക് തൊഴിൽ പെർമിറ്റ് നൽകില്ലെന്ന് കുവൈത്ത്

ജി.സി.സി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചാണ് ഓരോ പ്രൊഫഷനും ആവശ്യമായ യോഗ്യത നിർണയിക്കുന്നത്. എല്ലാ മേഖലകളിലെയും പ്രൊഫഷനുകളുടെ വർഗ്ഗീകരണത്തിന് അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.

Update: 2021-11-09 15:15 GMT
Advertising

ടെക്‌നിക്കൽ തസ്തികകളിൽ പ്രൊഫഷന് അനുസൃതമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വിദേശികൾക്ക് തൊഴിൽ പെർമിറ്റ് നൽകില്ലെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. തൊഴിൽ വിപണിയുടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണു സാങ്കേതിക ജോലികൾക്ക് യോഗ്യത നിർബന്ധമാക്കിയതെന്ന് അധികൃതർ അറിയിച്ചു. മാൻ പവർ അതോറിറ്റി ക്യാപിറ്റൽ ഗവർണറേറ്റ് ലേബർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫഹദ് അൽ അജ്മി ആണ് ഇക്കാര്യം അറിയിച്ചത്.

ജി.സി.സി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചാണ് ഓരോ പ്രൊഫഷനും ആവശ്യമായ യോഗ്യത നിർണയിക്കുന്നത്. എല്ലാ മേഖലകളിലെയും പ്രൊഫഷനുകളുടെ വർഗ്ഗീകരണത്തിന് അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഇതനുസരിച്ചു റിക്രൂട്ട് ചെയ്യുന്ന പ്രൊഫഷനുമായി യോഗ്യതകൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ അത്തരം തൊഴിലാളികളെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ സാധിക്കില്ല. ഉയർന്ന ഉത്പാദനക്ഷമതയും തൊഴിൽ കാര്യക്ഷമതയും ഉറപ്പാക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വാണിജ്യ സന്ദർശക വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നതിനും ചില നിബന്ധനകൾ ഏർപ്പെടുത്തി കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് വാണിജ്യ വിസ നൽകിയ കമ്പനിയിലേക്ക് മാത്രമേ വിസമാറ്റം സാധ്യമാകൂ, തൊഴിലാളിയുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, എൻട്രി വിസയുടെ പകർപ്പ്, കമ്പനിയിൽ പ്രസ്തുത തസ്തികയുടെ ആവശ്യകത വ്യക്തമാക്കുന്ന രേഖകൾ എന്നിവ അപേക്ഷയോടൊപ്പം നിര്ബന്ധമാക്കിയിട്ടുണ്ടെന്നും ഫഹദ് അൽ അജ്മി വ്യക്തമാക്കി.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News