നാലു വര്‍ഷത്തെ ഒരുക്കങ്ങള്‍ക്ക് ശേഷം ജഹ്റ നേച്ചര്‍ റിസര്‍വ് പൊതുജനങ്ങള്‍ക്കായി തുറന്ന്‌കൊടുക്കുന്നു

90 മിനിറ്റ് നേരത്തേക്ക് രണ്ട് ഗ്രൂപ്പുകള്‍ക്ക് മാത്രമേ ഒരേസമയം പ്രവേശിക്കാന്‍ കഴിയൂ

Update: 2021-12-31 07:30 GMT
Advertising

നാല് വര്‍ഷത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷം, ജഹ്റ നേച്ചര്‍ റിസര്‍വ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനൊരുങ്ങുന്നു. എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി(ഇ.പി.എ)ക്കാണ് റിസര്‍വിന്റെ നടത്തിപ്പ് ചുമതല. ദിവസവും രാവിലെ 9:00 മുതല്‍ വൈകിട്ട് 4:30 വരെയാണ് സന്ദര്‍ശകസമയം. വടക്ക് ഖുവൈസത്ത് മുതല്‍ തെക്ക് ജാബര്‍ അല്‍-അഹമ്മദ് വരെ 18 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് റിസര്‍വ് സ്ഥിതി ചെയ്യുന്നത്.

റിസര്‍വ് സന്ദര്‍ശിക്കാന്‍ മുന്‍കൂറായി ഓണ്‍ലൈന്‍ ബുക്കിങ് നടത്തണം. 90 മിനിറ്റ് നേരത്തേക്ക് രണ്ട് ഗ്രൂപ്പുകള്‍ക്ക് മാത്രമേ ഒരേസമയം പ്രവേശിക്കാന്‍ കഴിയൂ. അഞ്ചോ അതില്‍ താഴെയോ ആളുകളുടെ ഗ്രൂപ്പിന് കുറഞ്ഞത് 10 കുവൈത്ത് ദീനാറാണ് പ്രവേശന ഫീസായി ഈടാക്കുന്നത്. അധികമായി വരുന്ന ഓരോ വ്യക്തിക്കും 2 ദീനാര്‍ അധികം നല്‍കണം. സന്ദര്‍ശകര്‍ വാഹനങ്ങള്‍ റിസര്‍വിനു പുറത്ത് പാര്‍ക്ക് ചെയ്യണം.

തടാകങ്ങളാണ് കുവൈത്തിലെ മറ്റ് പ്രകൃതിദത്ത റിസര്‍വുകളില്‍നിന്ന് ജഹ്റ നേച്ചര്‍ റിസര്‍വിനെ വ്യത്യസ്തമാക്കുന്നത്. പ്രാദേശിക പക്ഷിഇനങ്ങളെ കൂടാതെ 330 ദേശാടന പക്ഷികളും മറ്റു നിരവധി ജീവജാലങ്ങളും റിസര്‍വിന്റെ സമ്പത്താണ്. കടലിനോട് ചേര്‍ന്ന് വളരുന്ന കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെ 70 ഓളം സസ്യഇനങ്ങളും ഇവിടെയുണ്ട്.

1987ല്‍ സംരക്ഷിത പ്രദേശമാക്കി മാറ്റിയ പ്രദേശത്തെ കദ്മ എന്നാണ് ജഹ്റ നിവാസികള്‍ വിളിച്ചിരുന്നത്. www.epa.gov.kw എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് സന്ദര്‍ശകര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News