കുവൈത്തില്‍ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ ബീച്ച് കാമ്പയിന്‍ ആരംഭിച്ചു
മാലിന്യങ്ങള്‍ കുറച്ച് കൊണ്ടുവരികയും പുനരുപയോഗിക്കുകയും ചെയ്യുകയെന്നതാണ് കാമ്പയിന്‍റെ ലക്ഷ്യം
കുവൈത്തില്‍ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ ബീച്ച് കാമ്പയിന്‍ ആരംഭിച്ചു. പരിസ്ഥിതി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ ബീച്ചുകളും ദ്വീപുകളും വൃത്തിയായി സൂക്ഷിക്കാൻ പരിസ്ഥിതി പൊലീസിന്റെ സഹായത്തോടെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി പ്രത്യേക കാമ്പയിൻ ആരംഭിച്ചു. മാലിന്യങ്ങള്‍ കുറച്ച് കൊണ്ടുവരികയും പുനരുപയോഗിക്കുകയും ചെയ്യുകയെന്നതാണ് കാമ്പയിന്‍റെ ലക്ഷ്യം. ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ ശുചിയായി സൂക്ഷിക്കുന്നതിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്ന രീതിയില്‍ ബോധവല്‍ക്കരണ ക്യാമ്പുകളും, പ്രചാരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. അതിനിടെ പൊതുസഥലത്ത് മാലിന്യം തള്ളൽ, ജീവജാലങ്ങളെ ഉപദ്രവിക്കൽ എന്നിവക്കെതിരായ നടപടി ശക്തമാക്കുമെന്നും ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് 5,000 ദിനാർ പിഴ ചുമത്തുമെന്നും എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ സമീറ അൽ കന്ദരി പറഞ്ഞു.
പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാനും പരിസ്ഥിതി സംരക്ഷിക്കുന്നതിൽ സംഭാവന നൽകാനും അൽ കന്ദരി പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.കഴിഞ്ഞ ദിവസം ഹവല്ലി, മുബാറക് അൽ കബീർ ബീച്ചുകളിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങളാണ് പിടികൂടിയത് . നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിച്ചതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.