കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം കുവൈത്തില്‍ നിന്ന് പ്രവാസം മതിയാക്കി മടങ്ങിയത് 190,000 പേര്‍

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ എണ്ണമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു

Update: 2021-09-14 17:11 GMT
Editor : Nidhin | By : Web Desk
Advertising

കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം കുവൈത്തിലെ വിദേശി ജനസംഖ്യയിൽ വൻ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ടുലക്ഷത്തിനടുത്ത് വിദേശികളാണ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ കുവൈത്തിൽ നിന്നും പ്രവാസം മതിയാക്കി മടങ്ങിയത്.

കുവൈത്ത് നാഷണൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തിൽ കുറവ് വന്നതായി പറയുന്നത്. 2020 ലെ സെൻസസിനു ശേഷമുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും വലിയ ഇടിവാണ് 2020 ൽ കുവൈത്ത് ജനസംഖ്യയിൽ രേഖപ്പെടുത്തിയത്. മൊത്തം ജനസംഖ്യയുടെ 2.2 ശതമാനമാണ് കുറഞ്ഞത്. ഈ വർഷം ആദ്യ പകുതിയോടെ ഇതിൽ 0.9 ശതമാനത്തിന്‍റെ കുറവ് വീണ്ടും രേഖപ്പെടുത്തി.

2020 ൽ 134,000 വിദേശികളും 2021 ആദ്യ പകുതിയോടെ 56000 തിലേറെ വിദേശികളും പ്രവാസം അവസാനിപ്പിച്ചു . കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം പ്രവാസം മതിയാക്കി മടങ്ങിയവരുടെ എണ്ണം 190000 ത്തിനടുത്താണെന്നും കണക്കുകൾ വ്യക്തമാക്കുന്നു .

കോവിഡ് പ്രതിസന്ധി ആരംഭിച്ചത്തിനു ശേഷം മൊത്തം ജനസംഖ്യയിൽ 3.1 ശതമാനം ആണ് കുറവ് വന്നത്. മൊത്തം വിദേശികളുടെ എണ്ണത്തിൽ 1.8 ശതമാനം കുറവും സ്വദേശികളുടെ എണ്ണത്തിൽ 0.9 ശതമാനം വർധനവുമാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ വിദേശികളുടെ എണ്ണം 68.2 ശതമാനം ആയി കുറഞ്ഞു . കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ എണ്ണമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.  സർക്കാർ മേഖലയിലെ സ്വദേശിവൽക്കരണ നടപടികളും കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ മേഖലയിൽ ഉണ്ടായ തൊഴിൽ നഷ്ടവും ഒക്കെയാണ് വിദേശികളുടെ എണ്ണം കുറയാനുള്ള കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.


Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News