കുവൈത്തിലെ സ്വകാര്യ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ല. പ്രാദേശിക മാധ്യമമായ അൽ ജരീദ റിപ്പോർട്ട് പ്രകാരം തൊഴിൽ വിപണിയുടെ 20.6 ശതമാനം കുവൈത്തികളും 79.4 ശതമാനം പ്രവാസികളുമാണ്. സർക്കാർ മേഖലയിൽ കുവൈത്തി തൊഴിലാളികളാണ് ഭൂരിപക്ഷവും. നിലവിൽ 79.5 ശതമാനം കുവൈത്തികളും 20 ശതമാനം പ്രവാസികളുമാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്.
2024 സെപ്റ്റംബറിലെ രാജ്യത്തെ മൊത്തം കുവൈത്ത് ഇതര തൊഴിലാളികളുടെ എണ്ണം 17 ലക്ഷത്തിലേറെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 79,000-ത്തിലേറെ പ്രവാസി തൊഴിലാളികളാണ് വർധിച്ചത്. രാജ്യത്തെ പ്രാദേശിക തൊഴിൽ വിപണിയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹം ഇന്ത്യക്കാരാണ്. ഈജിപ്തുകാരാണ് രണ്ടാം സ്ഥാനത്ത്. അതിനിടെ മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനും നിയമങ്ങളും നിയന്ത്രണങ്ങളും തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും രാജ്യത്ത് ശക്തമായ പരിശോധനയാണ് നടക്കുന്നത്.